| Tuesday, 19th October 2021, 8:44 pm

650 വച്ചാല്‍ 6,65,600; മണി ചെയ്ന്‍ തട്ടിപ്പില്‍ വി.ഡി. സതീശനെതിരെ തെളിവുമായി പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തിന് തെളിവുമായി പി.വി. അന്‍വര്‍ എം.എല്‍.എ.  വി.ഡി. സതീശന്‍ 650 രൂപ വച്ച് 6,65,600 രൂപ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്ന രേഖയാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

650 രൂപ വച്ചാല്‍ 6,65600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവര്‍ക്കും ഒന്ന് പറഞ്ഞ് കൊടുക്കണെന്നാണ് അന്‍വര്‍ പറയുന്നത്. ഇത് കൈയ്യില്‍ ഉള്ളപ്പോള്‍ ആണോ ന്യായ് പദ്ധതിയും കൊണ്ടിറങ്ങിയതെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഇന്‍കം പ്രൂഫായി ഇത് വിതരണം ചെയ്തവര്‍ ഇന്നും സഭയിലുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ സതീശന്‍ മറുപടി പറയേണ്ടി വരുമെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘നെട്ടൂരില്‍ നിന്ന് ഒരു പഴയ ലാംബി സ്‌കൂട്ടറില്‍ കഥാനായകന്‍ മണി ചെയിന്‍ പരിപാടിക്ക് വടക്കന്‍ പറവൂരിലേക്ക് വന്നിറങ്ങുമ്പോള്‍ ഈ പി.വി.അന്‍വറൊക്കെ ഏറനാട്ടില്‍ സജീവമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ട്.

പെട്ടിപിടിച്ചും പുട്ടിയടിച്ചുമല്ല. ഫൈറ്റ് ചെയ്ത് തന്നെ നിന്നിട്ടുണ്ട്. പിന്നെ മറുപടി പറയാനുള്ള കുരുപ്പുകളൊന്നും ഇന്ന് നിലമ്പൂരില്‍ ഇല്ല. ഇങ്ങനെ ടെന്‍സ്ഡ് ആകരുത്.

പ്രത്യേകിച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ അങ്ങെന്തിനാണീ ബേജാറാകുന്നത്. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കരയുന്നത് പി.വി. അന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും. അത് പറയിക്കുകയും ചെയ്യും. വി.ഡി.സതീശനും ഒന്നുമായിട്ടില്ല.” എന്നാണ് അന്‍വര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.വി. അന്‍വര്‍ പറവൂര്‍ കേന്ദ്രീകരിച്ചു നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ വി.ഡി സതീശന് പങ്കുണ്ടെന്ന് ആരോപിച്ചത്. ഇതിന്റെ വിവരങ്ങള്‍ താന്‍ പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്‍വറിന്റെ ആരോപണത്തെ തള്ളി സതീശനും രംഗത്തെത്തി. ആഫ്രിക്കയിലേക്ക് സ്ഥലംവിട്ടതോടെ ബോധം പോയ അന്‍വറിന് നിലമ്പൂരിലെ പ്രവര്‍ത്തകര്‍ മറുപടി പറയുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.

വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് തന്റെ ശൈലിയല്ലെന്നും എന്നാല്‍ അന്‍വര്‍ ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ നിരന്തരം അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PV Anvar lashes on VD Satheesan on money chain scam

We use cookies to give you the best possible experience. Learn more