| Tuesday, 7th March 2023, 3:58 pm

പോയി പണി നോക്കിനെടാ, സത്യം പറഞ്ഞാല്‍ അത് ഇസ്‌ലാമോഫോബിയയോ? 'ബിന്‍ ലാദന്‍' പരാമര്‍ശത്തെ ന്യായീകരിച്ച് അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നടത്തിയ ‘ബിന്‍ ലാദന്‍’ പരാമര്‍ശത്തെ ന്യായീകരിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. സത്യം വിളിച്ച് പറഞ്ഞാല്‍ അത് ഇസ്‌ലാമോഫോബിയ ആകുന്നതെങ്ങനെയെന്ന് അന്‍വര്‍ ചോദിച്ചു.

നൗഫല്‍ ബിന്‍ യൂസഫ് എന്ന ക്രിമിനല്‍ വിതച്ചത് മാധ്യമപ്രവര്‍ത്തനത്തിന്റെ മറപറ്റിയുള്ള മാധ്യമ ഭീകരതയാണെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒസാമ ബിന്‍ ലാദന്‍ ആരാ പ്രവാചകനോ?
ലാദന്‍ വിതച്ചത് ഭീകരതയുടെ വിത്തുകളാണ്.
ഇസ്‌ലാമിന്റെ ആശയങ്ങളല്ല.
നൗഫല്‍ ബിന്‍ യൂസഫ് എന്ന
പക്കാ ക്രിമിനല്‍ വിതച്ചത് മാധ്യമപ്രവര്‍ത്തനത്തിന്റെ മറപറ്റിയുള്ള മാധ്യമ ഭീകരതയാണ്.
ലാദന്‍ ചെയ്തതും ഇതേ പോലെ ഇസ്‌ലാമിന്റെ മറപറ്റിയുള്ള ഭീകരതയാണ്.
സത്യം വിളിച്ച് പറഞ്ഞാല്‍ അത് ഇസ്‌ലാമോഫോബിയ ആകുന്നതെങ്ങനെ!
പോയി പണി നോക്കിനെടാ,’ പി.വി. അന്‍വര്‍ പറഞ്ഞു.

വ്യാജ വാര്‍ത്താ വിവാദത്തില്‍ എഷ്യാനെറ്റ് ന്യൂസിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ നൗഫല്‍ ബിന്‍ യൂസഫ് എന്നല്ല നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോയെന്ന് എം.വി. ജയരാജന്‍ പറഞ്ഞത്.

‘ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുള്ളു. ഇത് നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ. ബിന്‍ എന്നത് പേരിന് കൂടെ ചേര്‍ക്കുന്നത്, ഏത് പിതാവിന്റെ കുട്ടിയാണോ, അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്ന് തിരിച്ചറിയാനാണ് ബിന്‍ ചേര്‍ക്കുന്നത്.

മിസ്റ്റര്‍ നൗഫല്‍ താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിയുമോ ഈ നടപടി. നേരോടെ നിര്‍ഭയമായിട്ടല്ല, നെറികേട് ജനങ്ങളിലേക്കെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദനല്ല, യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തുന്നത്,’ എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം, ജയരാജന്റേത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്ക് നേരെയുള്ള വിമര്‍ശനമല്ലെന്നും പച്ചയായ ഇസ്ലാമോഫോബിയയും വംശവെറിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പ്രതികരിച്ചു.

Content Highlight:  PV Anvar defends the ‘Bin Laden’ reference MV Jayarajan 

We use cookies to give you the best possible experience. Learn more