| Monday, 14th October 2024, 6:02 pm

സി.പി.ഐ സീറ്റ് കച്ചവടക്കാര്‍; 25 ലക്ഷം രൂപയ്ക്ക് ഏറനാട് മണ്ഡലം വിറ്റത് രണ്ടുതവണ: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സി.പി.ഐക്കെതിരെ വിമര്‍ശനവുമായി നിലമ്പൂരിലെ സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വര്‍. 2016ല്‍ ഏറനാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി ആക്കിയിരുന്നെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കില്ലായിരുന്നുവെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം രൂപ വാങ്ങി സി.പി.ഐ ഏറനാട് സീറ്റ് വിറ്റുവെന്നും അന്‍വര്‍ പ്രതികരിച്ചു.

ഒരു നിയമസഭാ സീറ്റ് 25 ലക്ഷത്തിന് വിറ്റ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റേതെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്കാലയളവില്‍ ഏറനാടില്‍ തനിക്ക് വലിയ രീതിയില്‍ രാഷ്ട്രീയ-ജന പിന്തുണ ഉണ്ടായിരുന്നെന്നും നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ട് കുത്താന്‍ തീരുമാനിച്ചിരുന്ന സാഹചര്യമായിരുന്നെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഏറനാട് മണ്ഡലം ലക്ഷക്കണക്കിന് രൂപയ്ക്ക് സി.പി.ഐ വിറ്റുവെന്നും മത്സരിച്ച സ്ഥാനാര്‍ത്ഥി ആരാണെന്ന് മണ്ഡലത്തിലെ ഒരാള്‍ക്ക് പോലും അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. ഒരു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ മറ്റൊരു അബ്ദുറഹ്‌മാനെയാണ് സി.പി.ഐ മത്സരിപ്പിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഏറനാട് സീറ്റിനുള്ള ഓഫര്‍ ലഭിക്കുകയായിരുന്നുവെന്നാണ് അന്‍വര്‍ പറയുന്നത്.

ഈ നീക്കം ഇടതുപക്ഷത്തിനുള്ളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് 25 ലക്ഷം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗാണ് ഇതിന് പിന്നിലെന്നും 25 ലക്ഷം നല്‍കുന്നതോടെ ലീഗിന്റെ തെരഞ്ഞെടുപ്പിലെ ചെലവ് പൂര്‍ത്തിയായെന്നും അന്‍വര്‍ പറയുന്നു. പണം നല്‍കുന്നതോടെ ലീഗിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതാകുകയാണ്, ലീഗിന് വോട്ട് ചെയ്യുന്നത് മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റുകാരാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

രണ്ടാം തവണയാണ് സി.പി.ഐ മണ്ഡലം വില്‍ക്കുന്നതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയുടെ നീക്കത്തില്‍ അതൃപ്തിയുള്ള ലോക്കല്‍ നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. അഞ്ച് വര്‍ഷം പാര്‍ട്ടി കഷ്ടപ്പെട്ടത് ഇതിന് വേണ്ടിയാണോയെന്ന് നേതാക്കള്‍ തന്നോട് ചോദിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പോട് കൂടി പാര്‍ട്ടിയുടെ പിന്‍ബലം ഇല്ലാതാകുകയാണ് ചെയ്തത്. നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍, ലോക്കല്‍ നേതാക്കളെ സി.പി.ഐ പറഞ്ഞു ബോധിപ്പിച്ചിരിക്കുന്നത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കാന്തപുരത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: PV Anvar criticizes CPI

We use cookies to give you the best possible experience. Learn more