നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ടുകച്ചവടം നടന്നെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശും ബി.ജെ.പിയും തമ്മില്‍ ഇതേക്കുറിച്ച് ധാരണയുണ്ടാക്കിയതായി അന്‍വര്‍ ആരോപിച്ചു.
ഇക്കാര്യമാണ് ആര്യാടന്‍ ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ‘പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ മുന്നില്‍ മുട്ടില്‍ ഇഴയുന്നവര്‍’. എന്ന പ്രസ്താവനയില്‍ സൂചിപ്പിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വെച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതൃത്വവും രണ്ട് തവണ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നതായും അന്‍വര്‍ പറയുന്നു. ഈ വിവരങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്, ബി.ജെ.പി ഉള്‍പ്പെടെയുള്ള ഒരു വര്‍ഗീയ കക്ഷികളുടെയും വോട്ട് തനിക്ക് ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ നേരത്തേ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത് കെ.പി.സി.സി അംഗം കൂടിയായ ആര്യാടന്‍ ഷൗക്കത്താണ്. അതിനാല്‍ ഇതിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്, ബി.ജെ.പിയില്‍ ചേരുമെന്ന ഭീഷണി മുഴക്കിയാണ് വി.വി പ്രകാശ് സ്ഥാനാര്‍ത്ഥിയായെതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലെത്തി തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ മലപ്പുറം ജില്ലയുടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ നീക്കിയതിനെതിരെ വിമര്‍ശനവുമായി ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ ഒഴിവാക്കാനുള്ള നടപടിയായിരുന്നു ഇതെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുന്‍ പ്രസിഡന്റ് വി.വി പ്രകാശിനെ തന്നെ നിയമിക്കുകയാിരുന്നു. ഇതിനെതിരെയാണ് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തിയത്.
‘പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവ് കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്കു വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച് മതാത്മക രാഷ്ടീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക.
ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്,’ ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ എഴുതി.
അന്‍വറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
‘പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്,മതാത്മക രാഷ്ട്രീയത്തിന്റെ മുന്നില്‍ മുട്ടില്‍ ഇഴയുന്നവര്‍’..ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നിലവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച്, അല്‍പ്പം മുന്‍പ് കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്ത് അദ്ദേഹത്തിന്റെ സ്വന്തം ഫേസ് ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിത്..
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.
മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതൃത്വവും രണ്ട് തവണ നേരിട്ട് ചര്‍ച്ചയും നടത്തിയിരുന്നു. ഈ വിവരങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്, ബി.ജെ.പി ഉള്‍പ്പെടെയുള്ള ഒരു വര്‍ഗീയ കക്ഷികളുടെയും വോട്ട് എനിക്ക് ആവശ്യമില്ല എന്ന് പരസ്യമായി ുപ്രഖ്യാപിച്ചതും,യ.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും ഇങ്ങനെ പരസ്യമായി പറയാന്‍ തന്റേടമുണ്ടോ എന്ന് വെല്ലുവിളിച്ചതും.എന്നാല്‍ ഇന്ന് വരെ ഈ വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ എതിര്‍ സ്ഥാനാര്‍ത്ഥി ഒരക്ഷരം മിണ്ടിയിട്ടില്ല.
നിലമ്പൂരില്‍ കൃത്യമായ വോട്ട് കച്ചവടം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പിയും തമ്മില്‍ നടത്തിയിട്ടുണ്ട്.അത് ആര്യാടന്‍ ഷൗക്കത്തിന്റെ വാക്കുകളില്‍ കൂടി ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.ഏതൊക്കെ വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടും കാര്യമില്ല.ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലെത്തി,തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്.ഈ നാടിനൊരു മതേതര മുഖമുണ്ട്.അത് ഉടന്‍ തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ബോധ്യപ്പെടും.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു ദേശീയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ഡി.സി.സി പ്രസിഡന്റിന്റെ വര്‍ഗ്ഗീയതയുടെ കപടമുഖം ചര്‍ച്ച ചെയ്യപ്പെടണം .അതിന് വേണ്ടിയാണ് ഈ പോസ്റ്റ്. കാരണമായത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം. മറുപടി പറയേണ്ടത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്. കാരണം ഈ വര്‍ഗീയ കൂട്ടുകെട്ടിനെ കുറിച്ച് പരസ്യമായി പറഞ്ഞത് പി.വി.അന്‍വര്‍ മാത്രമല്ല. ഞാന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത് കെ.പി.സി.സി അംഗം കൂടിയായ ആര്യാടന്‍ ഷൗക്കത്താണ്. ബി.ജെ.പിയില്‍ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാര്‍ത്ഥിയായി, സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വര്‍ഗീയതയുടെ കൂടാരത്തില്‍ കൊണ്ട് കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും..
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PV Anvar Aryadan Shoukath Nilmbur Congress