| Sunday, 5th January 2025, 9:36 pm

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിനെതിരായ പ്രതിഷേധം; പി.വി. അൻവർ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: എം.എൽ.എ പി.വി. അൻവർ അറസ്റ്റിൽ. നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിലാണ് നടപടി. ഒതായിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡി.വൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ ഡി.എം.കെ പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ വസതിക്ക് മുമ്പാകെ പ്രതിഷേധിക്കുന്നുണ്ട്. അന്‍വറിനെ അനുകൂലിച്ചും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയുമാണ് പ്രതിഷേധം നടക്കുന്നത്.

എം.എൽ.എയെ പിൻസീറ്റിൽ ഇരുത്തുന്നതുമായി സംബന്ധിച്ച് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ജീപ്പിന്റെ ഉൾവശത്ത് ഇരുത്തി പി.വി. അൻവറിനെ നിലമ്പൂർ സ്റ്റേഷനിലേക്ക് മാറ്റി.

അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണെന്ന് പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി മോദി നടത്തുന്ന ഭീകരതയെ കുറിച്ച് സംസാരിക്കുന്ന പിണറായി വിജയന്‍ കേരളത്തില്‍ ഭീകരത നടപ്പിലാക്കുന്നുവെന്നും അൻവർ പറഞ്ഞു.

നേരത്തെ ഭരണകൂട ഭീകരതക്കെതിരെ പോരാടണമെന്നാണ് എം.എല്‍.എ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

എം.എല്‍.എയ്ക്ക് പുറമെ 10 ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൃത്യ നിര്‍വഹണം തടയല്‍, നശിപ്പിക്കുക, പൊലീസിന് നേരെയുള്ള ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അന്‍വറിന്റെ മണ്ഡലമായ നിലമ്പൂര്‍ മാവൂരിയില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായിഫോറസ്റ്റ് ഓഫീസിലേക്ക് എത്തിയത്.

നിലമ്പൂര്‍ മാഞ്ചീരി സ്വദേശി മാണിയാണ് കാട്ടാനയാക്രമണത്തില്‍ മരിച്ചത്.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കര്‍ വിഭാഗത്തില്‍പെട്ട വ്യക്തിയാണ് മണി.

ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ഉള്‍വനത്തിലുള്ള ഊരിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.

Content Highlight: PV Anvar arrested

We use cookies to give you the best possible experience. Learn more