|

റിട്ട. ലൈഫുകാര്‍ കുത്തിതിരിപ്പുണ്ടാക്കേണ്ട; കേരളത്തിന്റെ ആകെ മൊത്തം അപ്പനാവാന്‍ ഒരു കാരശ്ശേരിയും വരേണ്ടതില്ലെന്ന് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ നിലപാട് പറഞ്ഞതിന്റെ പേരില്‍ എം.എന്‍. കാരശ്ശേരിക്കുനേരെ ഇടത് പ്രൊഫൈലില്‍ നിന്ന് സൈബര്‍ ആക്രമണം നേരിടുന്നു എന്ന ആരോപണത്തിനിടെ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. കേരളത്തിന്റെ’ആകെ മൊത്തം അപ്പനാവാന്‍’ഒരു കാരശേരിയും വരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ മറുപടികളുണ്ട്. അത് അച്ചടിച്ച് തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. 36 പേജുള്ള അമ്പത് ലക്ഷം ബുക് ലെറ്റുകള്‍! അത് ജനങ്ങള്‍ വിലയിരുത്തട്ടേ. അവര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു

കാരശേരി ആഹ്വാനം ചെയ്തിട്ടല്ല ജനങ്ങള്‍ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചത്. വ്യക്തിപരമായി ഒരാളുടെയും സര്‍ട്ടിഫിക്കേറ്റ് ഇവിടെ ആവശ്യമില്ല.

‘വീണ്ടും അധികാരത്തിലെത്തിയാല്‍ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും’എന്ന താങ്കളുടെ ഉപദേശം എടുത്ത് ചവുറ്റുകുട്ടയില്‍ എറിഞ്ഞ നാടാണിത്. മലയാളികള്‍ക്ക് അറിയാം ശരിയും തെറ്റും. അതിനിപ്പോള്‍ ആരുടെയും അറ്റസ്റ്റേഷനൊന്നും വേണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

‘താങ്കള്‍ ഉദ്ദേശിച്ചത് താങ്കള്‍ക്ക് കഴിയാത്ത തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചു’ എന്ന വിലാപത്തിലുണ്ട് എല്ലാം. അതാണ് ഈ വികസനത്തിന്റെയും അടിസ്ഥാന തത്വം. എന്തായിരിക്കണം.? എങ്ങനെയായിരിക്കണം.? നാളെയെന്ന് തീരുമാനിക്കേണ്ടത് വളര്‍ന്ന് വരുന്ന പുതിയ തലമുറയാണ്.

അല്ലാതെ റിട്ടയര്‍മെന്റ് ലൈഫ്, ഇത്തിരി കുത്തിതിരിപ്പുമായി ജീവിച്ച് തീര്‍ക്കുന്ന കുറച്ച് മാഷന്മാരും കെല്‍ട്രോണ്‍ ശാസ്ത്രജ്ഞന്മാരുമല്ല നാളെയെ നിര്‍ണയിക്കേണ്ടത്. എല്ലാവര്‍ക്കും കാരശേരിയുടെ മക്കളെ പോലെ ബ്രിട്ടനില്‍ പോയി ജീവിക്കാന്‍ പറ്റില്ലല്ലോ, ആശാന്‍ വീണാലതുമൊരടവ് എന്നും ഒരു ചൊല്ലുണ്ട്,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2016ല്‍ ജര്‍മനി സന്ദര്‍ശിച്ചപ്പോള്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന ഫോട്ടോ കാരശ്ശേരി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ ഐ.സി.ഇ എന്ന അതിവേഗ തീവണ്ടിയാണെന്നും ജര്‍മ്മനിയില്‍ ആ ട്രെയിനില്‍ യാത്രചെയ്യുന്ന കാരശ്ശേരിക്ക് കേരളത്തില്‍ വേഗത വേണ്ടേ എന്നും ചോദിച്ചാണ്
ഇടതു കേന്ദ്രങ്ങളില്‍ നിന്ന് കാരശേരിക്കെതിരെ ആക്രമമുണ്ടായത്.

ഇത് സാധാരണ ട്രെയിന്‍ മാത്രമാണെന്ന് ജര്‍മനിയില്‍ അക്കാലത്തുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും കാരശ്ശേരിയുടെ എഫ്.ബി പേജില്‍ സൈബറാക്രമണം തുടരുകയാണ്.

CONTENT HIGHLIGHTS: PV Anvar against  MN Karassery in K rail issue