| Tuesday, 4th July 2023, 8:48 pm

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ആത്മാഭിമാനം ഷാജന്റെ ഇരകള്‍ക്കുമുണ്ട്; ജീവനക്കാരോട് ചോദ്യം ചോദിക്കുന്നത് സ്വാഭാവികം: പി.വി.അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മറുനാടന്‍ മലയാളിയിലെ ജീവനക്കാരുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച പത്രപ്രവര്‍ത്തക യൂണിയനെതിരെ (കെ.യു.ഡബ്യൂ.ജെ) പി.വി. അന്‍വര്‍ എം.എല്‍.എ. മറുനാടന്‍ മലയാളിയുടെ എഡിറ്ററായ ഷാജന്‍ സ്‌കറിയയെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരോടും പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഷാജനും, മറുനാടന്‍ മലയാളിയും, അയാളുടെ ജീവനക്കാരും ചേര്‍ന്ന് നിരവധി ജീവിതങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും അവര്‍ക്കും ആത്മാഭിമാനമെന്നൊന്നുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്ള അത്രയും ആത്മാഭിമാനം ഷാജന്റെ ഇരകള്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രിയപ്പെട്ട കെ.യു.ഡബ്ല്യു.ജെ പ്രവര്‍ത്തകരേ. വ്യാജവാര്‍ത്ത, മതസ്പര്‍ദ്ധ വളര്‍ത്തല്‍, ബ്ലാക്ക് മെയിലിങ് ഇതിനൊക്കെ എതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. അതും നിയമപരമായ വഴികളില്‍ കൂടി മാത്രമാണ് മുന്നോട്ട് പോകുന്നത്. ദല്‍ഹിയില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് രണ്ട് മലയാളികള്‍ ആത്മഹത്യ ചെയ്തിരുന്നു. പി.എച്ച്.ഡി സ്‌കോളറായിരുന്ന അലന്‍ സ്റ്റാന്‍ലിയും, അലന്റെ അമ്മയും.

മറുനാടന്‍ മലയാളി എന്ന മഞ്ഞപത്രം അവരുടെ പേരില്‍ ഫോട്ടോ ഉള്‍പ്പെടെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അവര്‍ അപമാനിതരായി ജീവനൊടുക്കിയത്. വ്യൂവര്‍ഷിപ്പ് കിട്ടാനുള്ള വ്യഗ്രതയ്ക്കിടയില്‍, ഒരു എത്തിക്‌സും പാലിക്കാതെ നൂറുകണക്കിനാളുകളുടെ ജീവിതം ഷാജന്‍ സ്‌കറിയയും അയാളുടെ സ്ഥാപനവും ചേര്‍ന്ന് തകര്‍ത്തിട്ടുണ്ട്. അതിലൊക്കെ പങ്കാളികളായത് അയാളുടെ ജീവനക്കാരെന്ന് അവകാശപ്പെടുന്ന ഒരു പറ്റം ക്രിമിനലുകളാണ്.

ഷാജനെ അന്വേഷിക്കുന്നതിന്റെ ഭാഗമായി അവരോടും പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചെന്ന് വരാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ഷാജനും, മറുനാടന്‍ മലയാളിയും, അയാളുടെ ജീവനക്കാരും ചേര്‍ന്ന് തകര്‍ത്ത നിരവധി ജീവിതങ്ങളുണ്ട്. അവര്‍ക്കും ആത്മാഭിമാനമെന്നൊന്നുണ്ട്. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രയുണ്ടോ, അത്രയും തന്നെ ഷാജന്റെ ഇരകള്‍ക്കുമുണ്ട്,’ അന്‍വര്‍ പറഞ്ഞു.

വ്യാജവാര്‍ത്ത, മതസ്പര്‍ദ്ധ വളര്‍ത്തുന്ന കുത്തിത്തിരിപ്പുകള്‍, ബ്ലാക്ക് മെയിലിങ് എന്നിവ ഒഴിവാക്കി മാന്യമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഈ നാട്ടില്‍ ആരേയും ഭയക്കേണ്ടതില്ലെന്നും അതിനൊക്കെ നില്‍ക്കുന്നവര്‍ ഭയക്കണമെന്നും എം.എല്‍.എ പറഞ്ഞു.

ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്ത് കൊണ്ട് തന്നെ, വ്യാജ പേരുകളില്‍ നക്കാപ്പിച്ച കാശ് വാങ്ങി, മറുനാടന്‍ മലയാളിക്ക് വ്യാജവാര്‍ത്ത എഴുതി കൊടുത്ത് ഷാജന്‍ സ്‌കറിയയുടെ ക്രിമിനല്‍ ജേര്‍ണ്ണലിസത്തിന്റെ പങ്ക് പറ്റുന്ന ചിലരെങ്കിലും കെ.യു.ഡബ്ല്യു.ജെയുടെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറുനാടന്‍ മലയാളിയിലെ ജീവനക്കാരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിനെ വിമര്‍ശിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞിരുന്നു.

പല മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുത്തെന്നും ഇത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും യൂണിയന്‍ പറഞ്ഞു.

മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കുമെതിരെയുള്ള കേസില്‍ വ്യക്തമായ അന്വേഷണം വേണമെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുകയും വേണമെന്നും യൂണിയന്‍ അറിയിച്ചു. എന്നാല്‍ ഉടമക്കെതിരായ കേസില്‍ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട KUWJ പ്രവര്‍ത്തകരേ..
വ്യാജവാര്‍ത്ത, മതസ്പര്‍ദ്ധ വളര്‍ത്തല്‍, ബ്ലാക്ക് മെയിലിംങ്…ഇതിനൊക്കെ എതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. അതും നിയമപരമായ വഴികളില്‍ കൂടി മാത്രമാണ് മുന്നോട്ട് പോകുന്നത്. ദല്‍ഹിയില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് രണ്ട് മലയാളികള്‍ ആത്മഹത്യ ചെയ്തിരുന്നു. പി.എച്ച്.ഡി സ്‌കോളറായിരുന്ന അലന്‍ സ്റ്റാന്‍ലിയും, അലന്റെ അമ്മയും.

മറുനാടന്‍ മലയാളി എന്ന മഞ്ഞപത്രം അവരുടെ പേരില്‍ ഫോട്ടോ ഉള്‍പ്പെടെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അവര്‍ അപമാനിതരായി ജീവനൊടുക്കിയത്. വ്യൂവര്‍ഷിപ്പ് കിട്ടാനുള്ള വ്യഗ്രതയ്ക്കിടയില്‍, ഒരു എത്തിക്‌സും പാലിക്കാതെ നൂറുകണക്കിനാളുകളുടെ ജീവിതം ഷാജന്‍ സ്‌കറിയയും അയാളുടെ സ്ഥാപനവും ചേര്‍ന്ന് തകര്‍ത്തിട്ടുണ്ട്. അതിലൊക്കെ പങ്കാളികളായത് അയാളുടെ ജീവനക്കാരെന്ന് അവകാശപ്പെടുന്ന ഒരു പറ്റം ക്രിമിനലുകളാണ്.

ഷാജനെ അന്വേഷിക്കുന്നതിന്റെ ഭാഗമായി അവരോടും പോലീസ് കാര്യങ്ങള്‍ അന്വേഷിച്ചെന്ന് വരാം. അതില്‍ അസ്വഭാവികതയൊന്നുമില്ല. ഷാജനും, മറുനാടന്‍ മലയാളിയും, അയാളുടെ ജീവനക്കാരും ചേര്‍ന്ന് തകര്‍ത്ത നിരവധി ജീവിതങ്ങളുണ്ട്. അവര്‍ക്കും ആത്മാഭിമാനമെന്നൊന്നുണ്ട്. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രയുണ്ടോ, അത്രയും തന്നെ ഷാജന്റെ ഇരകള്‍ക്കുമുണ്ട്.

വ്യാജവാര്‍ത്ത, മതസ്പര്‍ദ്ധ വളര്‍ത്തുന്ന കുത്തിത്തിരിപ്പുകള്‍, ബ്ലാക്ക് മെയിലിങ് എന്നിവ ഒഴിവാക്കി മാന്യമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഈ നാട്ടില്‍ ആരേയും ഭയക്കേണ്ടതില്ല. അതിനൊക്കെ നില്‍ക്കുന്നവര്‍ ഭയക്കണം. ജനവികാരം അവര്‍ക്കെതിരാണ്. അത് നിങ്ങളില്‍ ആരും പിന്തുടരുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

അഥവാ,അങ്ങനെ ഉള്ളവരുണ്ടെങ്കില്‍, അവര്‍ നിയമത്തിന് അതീതരുമല്ല. ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്ത് കൊണ്ട് തന്നെ, വ്യാജ പേരുകളില്‍ നക്കാപ്പിച്ച കാശ് വാങ്ങി, മറുനാടന്‍ മലയാളിക്ക് വ്യാജവാര്‍ത്ത എഴുതി കൊടുത്ത് ഷാജന്‍ സ്‌കറിയയുടെ ക്രിമിനല്‍ ജേര്‍ണ്ണലിസത്തിന്റെ പങ്ക് പറ്റുന്ന ചിലരെങ്കിലും നിങ്ങളുടെ കൂടെയുണ്ട്.

കൂടുതല്‍ വിശദീകരിക്കുന്നില്ല. ഏതൊക്കെ ജില്ലകളില്‍, ആരൊക്കെ ഈ പണി ചെയ്യുന്നുണ്ടെന്നും, എത്ര കൂലി ഷാജന്റെ കൈയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും കൃത്യമായി അറിയാം. അതൊക്കെ പുറത്ത് പറഞ്ഞാല്‍, പലരും, പല മാധ്യമങ്ങളും പൊതുജനമധ്യത്തില്‍ നാണം കെടും.
അത് കൊണ്ട്, ദയവായി അത് പറയിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. ഇപ്പോള്‍ ഇത് പറയാനുണ്ടായ കാരണവും നിങ്ങള്‍ക്കറിയാം.

ഞങ്ങളുടെ കുരിശുയുദ്ധം ആദ്യം പറഞ്ഞ ആളുകളുമായാണ്. നിങ്ങള്‍ മാന്യമായും സത്യസന്ധമായും നിങ്ങളുടെ പണിയെടുക്കുക. അങ്ങനെ ചെയ്യാത്ത നിങ്ങളുടെ കൂട്ടത്തിലുള്ളവരെ നിങ്ങള്‍ തന്നെ ഒറ്റപ്പെടുത്തുക. ഇതിനപ്പുറം ഒന്നും പറയാനില്ല.

CONTENT HIGHLIGHTS: PV ANVAR AGAINST KUWJ

We use cookies to give you the best possible experience. Learn more