| Wednesday, 17th May 2023, 6:58 pm

നിലമ്പൂര്‍ ആശുപത്രിയിലെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞത് ന്യായമായ കാര്യങ്ങള്‍; സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന സാഹചര്യമാണവിടെ: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ കാണിച്ച് സിന്ധു സൂരജ് ഫേസ്ബുക്കിലെ കാര്യങ്ങള്‍ ന്യായമാണെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. സ്ഥലപരിമിതി മൂലം ഏറെ വീര്‍പ്പുമുട്ടുന്ന ഒരു സാഹചര്യമാണ് അവിടെയുള്ളതെന്ന് ഒരു തവണയെങ്കിലും അവിടെ എത്തിയിട്ടുള്ള ഏതൊരാള്‍ക്കും മനസിലാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

എത്രയും വേഗത്തില്‍ തന്നെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും ആശുപത്രിയിലെ രോഗികള്‍ക്കൊപ്പം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നിലമ്പൂരില്‍ നിന്നുള്ള സിന്ധു സൂരജ് നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സാഹചര്യങ്ങള്‍ ചൂണ്ടികാണിച്ച് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കാര്യങ്ങള്‍ ന്യായമാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്. സ്ഥലപരിമിതി മൂലം ഏറെ വീര്‍പ്പുമുട്ടുന്ന ഒരു സാഹചര്യമാണ് അവിടെയുള്ളതെന്ന് ഒരു തവണയെങ്കിലും അവിടെ എത്തിയിട്ടുള്ള ഏതൊരാള്‍ക്കും മനസിലാകും.

മാതൃ-ശിശു വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയും ഈ സ്ഥലപരിമിതി ഏറെ ബാധിച്ചിട്ടുണ്ട്. നിലവില്‍ അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിക്ക് കോണ്‍ട്രാക്ടര്‍ ഉപേക്ഷിച്ച് പോയിരുന്നു. റിവേഴ്‌സ് എസ്റ്റിമേറ്റ് പൂര്‍ത്തീകരിച്ച് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ ടെന്റര്‍ നടപടികള്‍ ആരംഭിക്കുകയും, ഏറ്റവും വേഗത്തില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.

അടുത്ത് തന്നെയുള്ള നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ സ്ഥലം ആശുപത്രിയുടെ വികസനത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണവുമായി തുലനം ചെയ്താല്‍, ബെഡ് സ്‌പേസ് അടിസ്ഥാനപ്പെടുത്തിയുള്ള അനുവദനീയമായ സ്റ്റാഫ് പാറ്റേണും ഇവിടെ അപര്യാപ്തമാണ്.

ബെഡ് സ്‌പെയ്‌സ് ഉയര്‍ത്തണമെങ്കില്‍ ബില്‍ഡിങ്ങും മറ്റും പൂര്‍ത്തീകരിക്കേണ്ടതായുണ്ട്. മികച്ച സേവനം നല്‍കുന്നതില്‍ ഇവിടുത്തെ ഡോക്ടര്‍മാരും സ്റ്റാഫുകളും ശ്രദ്ധിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ കാഴ്ച്ചപ്പാട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പരമാവധി സേവനം അവര്‍ ലഭ്യമാക്കുന്നുണ്ട്.
പ്രസവ വാര്‍ഡിലെ സ്ഥലപരിമിതിക്ക് ഉടനെ തന്നെ വേണ്ട പരിഹാരങ്ങള്‍ കാണുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുരുഷ വാര്‍ഡില്‍ ഒഴിവുള്ള ബെഡുകള്‍ മുകള്‍ നിലയില്‍ ക്രമീകരിച്ച് സ്ഥലം കണ്ടെത്തും. അടഞ്ഞ് കിടക്കുന്ന പേ വാര്‍ഡും ഇതിനായി ഉപയോഗപ്പെടുത്തും. പരമാവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

എത്രയും വേഗത്തില്‍ തന്നെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷ. ഇന്ന് ആശുപത്രി സന്ദര്‍ശിച്ച് സിന്ധുവിനെയും അവിടെയുള്ള മറ്റ് ആളുകളെയും നേരില്‍ കണ്ടിരുന്നു. അവര്‍ക്കൊപ്പം തന്നെയുണ്ട്,’ അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ പ്രസവ വാര്‍ഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ചുങ്കത്തറ സ്വദേശി സിന്ധുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. പ്രസവ വാര്‍ഡില്‍ ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര ബെഡോ സൗകര്യങ്ങളോ ഇല്ലെന്നും വാര്‍ഡിലുളളത് ആകെ 14 ബെഡുകളാണെന്നും അവര്‍ പറഞ്ഞിരുന്നു.

ആശുപത്രിയില്‍ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ജീവനുകള്‍ നഷ്ടമാവുമെന്നും ഒരു നിവൃത്തിയും ഇല്ലെങ്കില്‍ നിറവയറുമായി ഗര്‍ഭിണികള്‍ റോഡിലേക്കിറങ്ങും, അത് നാടിന് തീര്‍ത്താല്‍ തീരാത്ത നാണേക്കേടാവുമെന്നും സിന്ധു പറഞ്ഞിരുന്നു.

content highlight: pv anvar about nilambur hospital

We use cookies to give you the best possible experience. Learn more