| Saturday, 23rd November 2024, 7:42 pm

ലഭിച്ചത് വന്‍ ജനപിന്തുണ, ഒറ്റയ്ക്ക് നിന്നാല്‍ സി.പി.ഐയും മുസ്‌ലിം ലീഗും എത്ര വോട്ട് തികച്ച് നേടും? തോല്‍വിയില്‍ പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരെയുള്ള വോട്ടുകളാണെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. തെരഞ്ഞെടുപ്പില്‍ വന്‍ ജനപിന്തുണയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അന്‍വര്‍ പറഞ്ഞു.

ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അന്‍വര്‍.

അന്‍വറിന്റെ പാര്‍ട്ടിയുടെ ലേബലില്‍ ചേലക്കരയില്‍ മത്സരിച്ച സുധീറിന് 3920 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സി.പി.ഐ.എമ്മിന്റെ യു.ആര്‍ പ്രദീപ് വിജയിച്ച മണ്ഡലത്തില്‍ സുധീറിന് കെട്ടിവെച്ച കാശ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

തങ്ങള്‍ നേടിയ ഈ വോട്ടുകള്‍ പോരാ എന്ന് പലരും വിമര്‍ശിക്കുന്നതായി കേട്ടുവെന്നും ഒറ്റയ്ക്ക് നിന്നാല്‍ സി.പി.ഐ.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവരല്ലാതെ കേരളത്തിലെ എത്ര പാര്‍ട്ടികള്‍ക്ക് ഇത്രയും വോട്ട് നേടാന്‍ സാധിക്കുമെന്നും അന്‍വര്‍ ചോദിച്ചു.

എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷികളെയും മുസ്‌ലിം ലീഗിനെയും പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ ഈ ചോദ്യമുന്നയിച്ചത്.

‘സി.പി.ഐ. 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ആയിരത്തിലധികം വോട്ടുകള്‍ കിട്ടുന്ന എത്ര മണ്ഡലങ്ങളുണ്ടാവും? കേരള കോണ്‍ഗ്രസ് മാണി വിഭാഗം 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ എത്ര സീറ്റുകളില്‍ 3,900 വോട്ടുകള്‍ കിട്ടും?

കേരളത്തിലെ നാലാമത്തെ വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്‌ലിം ലീഗിന് പോലും പത്ത് നാല്‍പ്പത് മണ്ഡലങ്ങള്‍ക്കപ്പുറം ഈ വോട്ട് നേടാനാവില്ല’ അന്‍വര്‍ പറഞ്ഞു.

കൃത്യമായ രാഷ്ട്രീയ ആശയത്തിന് മാത്രം കിട്ടിയതാണ് ചേലക്കരയില്‍ തങ്ങളുടെ വോട്ടുകളെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ അന്‍വര്‍ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചേലക്കരയിലും പാലക്കാടും തന്റെ പാര്‍ട്ടി വലിയ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു അന്‍വറിന്റെ വാദം.

എന്നാല്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച അന്‍വറിന്റെ പാര്‍ട്ടി ചേലക്കരയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യു.ഡി.എഫില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ സുധീറാണ് ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയായത്.

ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് അന്‍വര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ ആവശ്യത്തെ അവജ്ഞയോടെ തള്ളിയതിന് പിന്നാലെയാണ് സുധീര്‍ ചേലക്കരയില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥിയാകുന്നത്.

തങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത പ്രദേശമാണ് ചേലക്കരയെന്നും എന്നാല്‍ മലപ്പുറത്തോ കോഴിക്കോട്ടോ കണ്ണൂരോ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നതെങ്കില്‍ ചിത്രം വേറെയാകുമായിരുന്നു എന്നും അന്‍വര്‍ അവകാശപ്പെടുന്നു.

പാര്‍ട്ടി രൂപീകരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ തിരിച്ചടിയേറ്റതോടെ അന്‍വറിന്റെയും ഡി.എം.കെയുടെയും ഭാവി എന്തെന്നാണ് ചോദ്യമുയരുന്നത്.

Content Highlight: PV Anvar about by polls defeat

We use cookies to give you the best possible experience. Learn more