കോഴിക്കോട്: രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ പ്രചാരണം ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് എം.പി പി.വി. അബ്ദുല്‍ വഹാബ്.
കേരള സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ദല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരന്‍ എന്ന് തമാശ രൂപത്തില്‍ പരാമര്‍ശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി രാജീവ് ചന്ദ്രശേഖരനെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചതിലൂടെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് താന്‍ വ്യക്തമാക്കിയതാണെന്നും, ആ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും വഹാബ് പറഞ്ഞു.
സദുദ്ദേശത്തോടെയുള്ള തന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും രാജ്യസഭയില്‍ പുകഴ്ത്തിയ അബ്ദുല്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വഹാബ് നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും, ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്നുമാണ് സാദിഖലി തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞത്.
വി. മുരളീധരന്‍ കേരളത്തിന്റെ ദല്‍ഹിയിലെ അംബാസിഡറാണ് കേരളത്തിനെതിരായ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നുമായിരുന്നു വഹാബ് പറഞ്ഞത്.
നൈപുണ്യ വികസനത്തിനായി മന്ത്രിയും കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കുന്ന പദ്ധതികള്‍ നല്ലതാണെന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെക്കുറിച്ച് വാഹാബ് പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് രാജ്യസഭയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്.
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങള്‍ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാന്‍ പ്രസംഗം തുടങ്ങിയത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസംഗത്തില്‍ സൂചിപ്പിച്ചു.
കേരള സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ദല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരന്‍ എന്ന് തമാശ രൂപത്തില്‍ പരാമര്‍ശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്.
സന്‍സദ് ആദര്‍ശ് ഗ്രാമയോജന ഉള്‍പ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് ഞാന്‍ എപ്പോഴും ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.
സദുദ്ദേശത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വസ്തുത അന്വേഷിച്ചു. കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.