ഞാനും ഭാര്യയും 15 ലക്ഷം അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്; പാര്‍ലമെന്റില്‍ മോദിയെ ട്രോളി ലീഗ് എം.പി വഹാബ്
Kerala
ഞാനും ഭാര്യയും 15 ലക്ഷം അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്; പാര്‍ലമെന്റില്‍ മോദിയെ ട്രോളി ലീഗ് എം.പി വഹാബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2021, 2:00 pm

ന്യൂദല്‍ഹി: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ്.

മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്.

‘2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടിലെത്താനായി കാത്തിരിക്കുകയാണ്. ഭാര്യയും അതിനായി കാത്തിരിക്കുന്നുണ്ട്. കുറച്ച് ആഭരണങ്ങള്‍ വാങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ – വഹാബ് പറഞ്ഞു.

യു.പി പൊലീസ് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നും വഹാബ് ആവശ്യപ്പെട്ടു. ഹാത്രസില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുമാണ് അദ്ദേഹം പോയത്. സിദ്ദീഖിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്.

വിദേശത്ത് നിക്ഷേപിച്ച വമ്പന്‍മാരുടെ കള്ളപ്പണങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടില്‍ ഇടുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പിന്നീട് ഇതേക്കുറിച്ച് മോദി മൗനം പാലിച്ചിരുന്നു. നോട്ട് നിരോധിച്ചതിന് പിന്നാലെയും മോദിയുടെ ഈ വാഗ്ദാനത്തെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

മാത്രമല്ല നോട്ട് നിരോധനം പരാജയമാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക് പച്ചയ്ക്ക് കത്തിക്കാമെന്നായിരുന്നു മോദിയുടെ മറ്റൊരു പ്രഖ്യാപനം. നോട്ട് നിരോധനത്തിന് പിന്നാലെ പ്രതീക്ഷിച്ച കള്ളപ്പണമൊന്നും പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയും മോദിയുടെ കത്തിക്കല്‍ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: PV Abdul Vahab Trolls Narendra Modi