| Saturday, 30th July 2022, 9:18 pm

ഏഴാം നാള്‍ കഥ പറയാനെത്തിയ പുഴു; വീഡിയോ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായ ചിത്രങ്ങളിലൊന്നാണ് പുഴു. ജാതിവെറിയും ടോക്‌സിക് പേരന്റിങ്ങും പ്രതിപാദിച്ച സിനിമ വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

ചിത്രത്തിലെ പുഴു വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. അതുല്‍ നറുകരയാണ് ഗാനം പാടിയിരിക്കുന്നത്. ശിവദാസ് പൊയില്‍കാവിന്റേതാണ് വരികള്‍.

കൊട്ടാരത്തില്‍ ഒളിച്ചിരുന്ന പരീക്ഷിത്ത് രാജാവിനെ പുഴുവായി വന്ന വധിച്ച തക്ഷകന്റെ കഥയാണ് ഗാനമായി ആവിഷ്‌കരിച്ചിരിക്കുന്നത്. സിനിമയിലെ വിവിധ ദൃശ്യങ്ങളും ഗാനരംഗങ്ങളിലുണ്ട്. കുട്ടപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പുണ്ണി ശശിയുടെ നാടകമാണ് ഗാനരംഗങ്ങളില്‍ പ്രധാനമായും കാണുന്നത്.

മെയ് 12നാണ് പുഴു സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് പുഴു. ചിത്രത്തിലെ അപ്പുണ്ണി ശശിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ ഷറഫു, സുഹാസ്, ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്.

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍, കുഞ്ചന്‍, വാസുദേവ് സജീഷ് , കോട്ടയം രമേശ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം നിര്‍വഹിച്ചത്.

Content Highlight: puzhu video song from  puzhu movie starring mammootty, parvathy thiruvothu and appunni sasi

We use cookies to give you the best possible experience. Learn more