രാഷ്ട്രീയമില്ലാത്ത സിനിമ എന്ന് പറയുന്നത് കള്ളത്തരമാണ്; എഴുത്തുകാരന്‍ ഉദ്ദേശിച്ച പോലെ പ്രേക്ഷകര്‍ മനസിലാക്കണമെന്നില്ല; പുഴു തിരക്കഥാകൃത്ത് ഹര്‍ഷദ്
Entertainment news
രാഷ്ട്രീയമില്ലാത്ത സിനിമ എന്ന് പറയുന്നത് കള്ളത്തരമാണ്; എഴുത്തുകാരന്‍ ഉദ്ദേശിച്ച പോലെ പ്രേക്ഷകര്‍ മനസിലാക്കണമെന്നില്ല; പുഴു തിരക്കഥാകൃത്ത് ഹര്‍ഷദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th May 2022, 11:11 am

നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പുഴുവാണ് ഇപ്പോള്‍ സിനിമാ സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ച. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ഖാലിദ് റഹ്മാന്‍- മമ്മൂട്ടി ചിത്രം ഉണ്ടയുടെ തിരക്കഥയും ഹര്‍ഷദിന്റെതായിരുന്നു. കൃത്യമായ രാഷ്ട്രീയം പറഞ്ഞ ചിത്രമായിരുന്നു ഉണ്ടയും. സിനിമകളിലൂടെ രാഷ്ട്രീയം പറയുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഹര്‍ഷദ്.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമകളില്‍ പൊളിറ്റിക്‌സ് പറയണമെന്ന് ഹര്‍ഷദ് എന്ന എഴുത്തുകാരന് നിര്‍ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയായിരുന്നു തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

”രാഷ്ട്രീയമില്ലാത്ത ഒരു സിനിമയുടെ പേര് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? കഴിയില്ല. എല്ലാ സിനിമയിലും എല്ലാ കലാസൃഷ്ടിയിലും രാഷ്ട്രീയമുണ്ട്.

മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ്. അല്ലാതുള്ള പരിപാടികളൊക്കെ കള്ളത്തരമാണ്. രാഷ്ട്രീയമില്ലാത്ത സിനിമ എന്നതൊക്കെ വെറുതെയുള്ള വിചാരങ്ങളാണ്. എനിക്ക് മനസിലായ രാഷ്ട്രീയത്തില്‍ നിന്നാണ് ഞാന്‍ സിനിമയെടുക്കുന്നത്.

പുഴു എന്ന സിനിമയില്‍ കേരളത്തില്‍ നിന്നുകൊണ്ട് എനിക്ക് കഴിയുന്നവിധം എന്റെ ബോധ്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെ പിന്നേയും വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഉദ്ദേശിച്ചത് പോലെ പ്രേക്ഷകന് മനസിലാകണം എന്ന നിര്‍ബന്ധവും എനിക്കില്ല. എല്ലാ വിമര്‍ശനങ്ങളേയും ഉള്‍ക്കൊള്ളാനാണ് എനിക്കിഷ്ടം. എല്ലാ നിരീക്ഷണങ്ങളേയും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്,” ഹര്‍ഷദ് പറഞ്ഞു.

മമ്മൂട്ടിക്ക് പുറമെ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, നെടുമുടി വേണു, ആത്മീയ രാജന്‍, വസുദേവ്, ഇന്ദ്രന്‍സ്, കുഞ്ചന്‍ എന്നിവരാണ് പുഴുവില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

സോണി ലിവിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Content Highlight: Puzhu Script writer Harshad about the politicas in his movies