| Wednesday, 7th September 2022, 11:12 am

ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം, കണ്ടുനോക്കൂ; പുഴുവിലെ ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് മമ്മൂക്ക പറഞ്ഞു: ഹര്‍ഷദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

71ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേരുകയാണ് മലയാള സിനിമാ ലോകം. മമ്മൂട്ടിക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചവരും അദ്ദേഹത്തിന്റെ ആരാധകരുമെല്ലാം പിറന്നാള്‍ ആഘോഷമാക്കുകയാണ്.

റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ പുഴു എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഹര്‍ഷദ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. പുഴു ചിത്രീകരണ സമയത്തുണ്ടായ ഒരു അനുഭവം കൂടി പങ്കുവെച്ചാണ് മമ്മൂക്കയ്ക്ക് ഹര്‍ഷദ് ആശംസകള്‍ അറിയിച്ചത്. സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചിരിക്കുന്നതിന്റെ അപ്പുറത്തുള്ള അഭിനയം തങ്ങള്‍ക്ക് നല്‍കിയ മമ്മൂക്കയുടെ മാജിക്കിനെ കുറിച്ചാണ് ഹര്‍ഷദ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇമോഷണലാവുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്കസ്നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്.

ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി ഡിസ്‌കസ് ചെയ്തിരുന്നു. മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറന്‍സുകള്‍ പറയുമായിരുന്നു.

പുഴുവിലെ അച്ഛന്‍-മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. അങ്ങിനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു.

‘നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.. ‘
അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു, ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു, അപ്പോള്‍ എന്റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്റെ റിഫ്ലക്ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ….

സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ… എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍,’ ഹര്‍ഷദ് കുറിച്ചു.

1971 ല്‍ സത്യന്‍ നായകനായി എത്തിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മുഖം കാണിച്ചാണ് മമ്മൂട്ടി മലയാളത്തില്‍ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.

ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത സിനിമയില്‍ ‘മാധവന്‍കുട്ടി’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

Content Highlight: Puzhu Script Writer harshad about actor Mammootty

We use cookies to give you the best possible experience. Learn more