ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്ക് എത്തിയ താരമാണ് വിനായകന്‍. തന്റെ അഭിനയ പ്രതിഭ കൊണ്ട് ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളിലൊരാളാണ് അദ്ദേഹം. എന്നാല്‍ അഭിനയത്തിനൊപ്പം മ്യൂസിക്കിലും കമ്പമുള്ള വിനായകനെ അധികം ആളുകള്‍ക്ക് അറിയില്ല. ഇതു വരെ താന്‍ 56 പാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും തന്റെ ലക്ഷ്യം മ്യൂസിക്കാണെന്നും വിനായകന്‍ പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മ്യൂസിക്കിനോടുള്ള ഇഷ്ടത്തെ പറ്റി പറഞ്ഞത്.
‘ഞാന്‍ പാട്ട് പാടാറില്ല. പാട്ട് ഉണ്ടാക്കും. എന്റെ ലക്ഷ്യം മ്യൂസിക്കാണ്. സിനിമ എന്റെ ജോലിയാണ്. എനിക്ക് ഉണ്ടാക്കാനുള്ളത് മ്യൂസിക്കാണ്. ചിന്തിക്കാന്‍ പറ്റുന്ന മ്യൂസിക്കും ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന മ്യൂസിക്കും ഉണ്ടാക്കണം. 56 പാട്ടുകള്‍ ഇതുവരെ ഉണ്ടാക്കിയിട്ടുണ്ട്.
കമ്മട്ടിപ്പാടം ചെയ്യുന്ന സമയത്ത് എന്റെ കയ്യില്‍ ഓള്‍റെഡി കുറെ പാട്ടുകള്‍ ഉണ്ട്. അതിലേതെങ്കിലും കമ്മട്ടിപ്പാടത്തില്‍ പ്ലേസ് ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ അത് പ്ലേസ് ചെയ്താല്‍ പുതിയ ക്രിയേഷന്‍ ഉണ്ടാവില്ലേ എന്നൊരു സംശയം വന്നു. അപ്പോള്‍ അതെല്ലാം ഞാന്‍ മാറ്റിവെച്ചു. പിന്നെ പുതിയൊരു ഹമ്മിങ് ഉണ്ടാക്കിയതാണ് പുഴു പുലികള്‍ ആയത്.
ഞാന്‍ മരിക്കുമ്പോള്‍ ഇടാനായിട്ട് വെച്ചിരിക്കുന്ന പാട്ടാണത്. മരണമൊക്കെ ഞാന്‍ എന്നേ കണ്ടുകഴിഞ്ഞു. മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍, കാക്കേ കാക്കേ നീ പൂക്കാമരത്തിലുമാണ് എപ്പോഴും കേള്‍ക്കാറുള്ള പാട്ടുകള്‍,’ വിനായകന്‍ പറഞ്ഞു.
ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹവും വിനായകന്‍ തുറന്ന് പറഞ്ഞു. ‘ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്ലാനിങുണ്ട്. അതില്‍ എല്ലാം ഞാന്‍ തന്നെയാവും ചെയ്യുന്നത്. ക്യാമറയും എഡിറ്റിങും ഒഴികെ ബാക്കിയെല്ലാം ഞാന്‍ തന്നെയാവും ചെയ്യുന്നത്. എനിക്ക് കമാന്‍ഡ് മാത്രമാണ് ഇഷ്ടം. വലിച്ച് എഴുതില്ല. ഞാന്‍ എഴുതിയിരിക്കുന്ന സ്‌ക്രിപ്റ്റ് തന്നെ നാല് പേജേ ഉള്ളൂ. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യണം. എന്റെ ക്യാമറാമാന് മനസിലാവണം. ബ്ലസിങ് കറക്ടാണെങ്കില്‍ ഉടന്‍ ഉണ്ടാകും,’ വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: puzhu pulikal from kammttippadam is the song I’m going to put on when I die, vinayakan said