സ്ഥിരമായി നായക വേഷത്തില്‍, ഹീറോയായി മാത്രം എത്തുന്ന ഒരാള്‍ നെഗറ്റീവ് റോള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് അയാളുടെ ഭാഗത്ത് ഒരു ന്യായുമുണ്ട്, അല്ലെങ്കില്‍ ഒരു ശരിയുണ്ട് എന്നൊരു തോന്നലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ധാരണകളെ പൊളിച്ചെടുക്കാന്‍ പി.ടി. റത്തീനയുടെ സംവിധാനത്തിന്, കുട്ടന്‍ എന്ന കഥാപാത്ര സൃഷ്ടിക്ക്, മമ്മൂട്ടി എന്ന സ്വയം മിനുക്കിക്കൊണ്ടിരിക്കുന്ന നടന്റെ പെര്‍ഫോമന്‍സിന് സാധിച്ചു എന്നുള്ളിടത്താണ് പുഴുവിന്റെ ഏറ്റവും ശക്തമായ പോയിന്റ് എന്ന് തോന്നുന്നു.
ജാതീയതയുടെയും മനുഷ്യത്വവിരുദ്ധതയുടെയും ബ്രാഹ്മണിക്കല്‍ ഭീകരമുഖം കൃത്യമായി കാണിച്ചുതരുന്ന, ഇതുവരെ ആഘോഷിച്ചിരുന്ന പല നായകസങ്കല്‍പങ്ങളുടെയും പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന, രാഷ്ട്രീയം പറയുന്ന സിനിമയാണ് പുഴു. തിരക്കഥയിലെ ചില പാളിച്ചകളും അവസാനത്തേക്കുള്ള കുറച്ച് ഹറിബറി പ്ലോട്ടും ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച ഒരു സിനിമാനുഭവം സമ്മാനിക്കാന്‍ പുഴുവിന് സാധിക്കുന്നുണ്ട്.
മമ്മൂട്ടി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ട് അയാളുടെ പരിസരങ്ങളെ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്തുകൊണ്ട്, അതിലൂടെ വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് പുഴു. ബ്രാഹ്മണിക്കലായ ജാതിബോധം അതിന്റെ എക്‌സ്ട്രീം ലെവലുകളിലൂടെ തന്നെ സിനിമയില്‍ കാണിക്കുന്നുണ്ട്.
വീടിനകത്ത്, മിശ്രവിവാഹങ്ങളില്‍, പൊതു ഇടങ്ങളില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍, ബിസിനസില്‍, താമസ സ്ഥലങ്ങളില്‍, സ്‌കൂളില്‍, മക്കളുടെ കൂട്ടുകാരെ നിശ്ചയിക്കുന്നതില്‍ എന്നു തുടങ്ങി എല്ലായിടത്തും ജാതി എങ്ങനെയാണ് നിരന്തരം വര്‍ക്ക് ചെയ്യുന്നതെന്ന് സിനിമയില്‍ വ്യക്തമായി കാണാന്‍ സാധിക്കും.
നിരന്തരമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വരുന്ന ദളിതരായ മനുഷ്യരെയും അവരുടെ ശക്തമായ പ്രതികരണത്തെയും പോരാട്ടത്തെയും കൂടി സിനിമ രേഖപ്പെടുത്തുന്നുണ്ട്. ഭാരതിയുടെ കൈപ്പിടിച്ചു നീങ്ങുന്ന കുട്ടപ്പനും സിഗരറ്റ് വലി തുടങ്ങിയ ശീലങ്ങളെ മാറ്റാന്‍ സാധിക്കൂ, എന്ന് കുട്ടപ്പന്‍ പറയുന്ന സീനും മാര്യേജ് സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസില്‍ പോകുന്ന സീനും പിന്നീടുള്ള പൊലീസ് സ്റ്റേഷന്‍ സീനുമൊക്കെ മനസില്‍ നില്‍ക്കുംവിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.
പുരാണത്തിലെ തക്ഷകന്റെ കഥയുടെ അഡാപ്റ്റേഷനായി വരുന്ന ത്രില്ലര്‍ പാര്‍ട്ടാണ് ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയിലെ മികച്ച എക്സിക്യൂഷനായി തോന്നിയത്. അതിന്റെ ആ നാടക ഭാഗങ്ങളോ, ക്ലൈമാക്സോ അല്ല. അല്ലാതെ സിനിമയില്‍ ഉടനീളം ആ കുട്ടന്‍ എന്ന ക്യാരക്ടറിലൂടെ ആ സ്റ്റോറിലൈന്‍ നീങ്ങുന്നതും തക്ഷകന്റെ കുറച്ചുകൂടി ആഴത്തിലുള്ള, വ്യത്യസ്തമായ റീഡിങ്ങ് കുട്ടനില്‍ ചിത്രീകരിച്ചിരിക്കുന്നതും. ഇത് രണ്ടുമാണ് മികച്ചതായി തോന്നിയത്.
സിനിമ ഏറ്റവും അടുത്തുനിന്ന് നിരീക്ഷിച്ചതും ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നതുമായി തോന്നിയ മറ്റൊരു കാര്യം ടോക്സിക് പാരന്റിങ്ങാണ്. ഋഷികേശ് എന്ന മകനെ കുട്ടന്‍ എന്നയാള്‍ വളര്‍ത്തുന്ന രീതി, ആ കുട്ടിയുടെ ജീവിതത്തെ വരച്ച വരയില്‍ നിര്‍ത്തി നിയന്ത്രിക്കുന്ന രീതി അതിനെ സ്നേഹമാണെന്ന് അച്ഛന്‍ കഥാപാത്രം അവകാശപ്പെടുന്നതൊക്കെ ഓരോ സീനിലും ഏറ്റവും ഒഴുക്കോടെ അവതരിപ്പിച്ചതായി തോന്നി.
സിനിമയില്‍ ഏറ്റവും മികച്ച മേക്കിങ്ങുള്ള കഥാസന്ദര്‍ഭങ്ങള്‍ വരുന്നതും ഈ ഭാഗങ്ങളിലാണ്. അതേസമയം ഗൂഗിളില്‍ നോക്കി ലോകത്തെ ഏറ്റവും പഴക്കമുള്ള മൃഗം ഏതെന്ന കുസൃതി ചോദ്യം മകനോട് ചോദിക്കുന്ന ആ സീന്‍ സിനിമയിലെ ഏറ്റവും വേദനിപ്പിച്ച ഭാഗങ്ങളിലൊന്നാക്കാനും റത്തീനക്ക് കഴിഞ്ഞിട്ടുണ്ട്.
പിന്നെ ഇത്ര നാളും സിനിമയില്‍ ആഘോഷിച്ചിരുന്ന കുടുംബ മഹിമയും പാരമ്പര്യവും അവകാശപ്പെടുന്ന സവര്‍ണ നായക കഥാപാത്രത്തെ അടിമുടി തിരിച്ചുവെക്കാന്‍ പുഴുവിന് കഴിയുന്നുണ്ട്. അതില്‍ മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ തന്നെ ആ വേഷം ചെയ്യാന്‍ തെരഞ്ഞെടുത്തു എന്നതും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഈ ആസ്പെക്ട് വളരെ ലൗഡല്ലാതെ, പതിയെ പതിയെ ശരിക്കും ഒരു പുഴു അരിക്കുന്ന രീതിയിലാണ് സിനിമയില്‍ കടന്നുവരുന്നതും.
ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിലാണ് തന്റെ സ്ഥാനമെന്ന് റത്തീന ഉറപ്പിക്കുന്നുണ്ട്. മമ്മൂട്ടിയും പാര്‍വതിയും അപ്പുണ്ണി ശശിയുമടക്കം ഓരോ അഭിനേതാക്കളുടെയും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് പുറത്തുകൊണ്ടുവരാന്‍ റത്തീനക്ക് കഴിയുന്നുണ്ട്.\
പ്രേക്ഷകരെ പുഴുവിന്റെ പ്രത്യേക മൂഡിലേക്ക് തുടക്കത്തില്‍ തന്നെ കൊണ്ടുപോകാനും വളരെ കുറഞ്ഞ പേസില്‍ തുടങ്ങി അവിടെ നിന്ന് മെല്ലെ മെല്ലെ അരിച്ചു കയറുന്ന വേഗത്തിലേക്ക് സിനിമയെ എത്തിക്കാനും റത്തീനയുടെ സംവിധാനത്തിനാകുന്നുണ്ട്. ഓരോ കഥാസന്ദര്‍ഭങ്ങളും ചെറിയ നോട്ടങ്ങളിലൂടെ മറ്റു ചില ഡീറ്റെയ്ലിങ്ങിലൂടെയൊക്കെ മികച്ചതാക്കാനും സംവിധാനത്തിന് പറ്റുന്നുണ്ട്.
കഥാപാത്രങ്ങളിലേക്കും അഭിനേതാക്കളിലേക്കും വന്നാല്‍ മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും ഡെപ്ത്തുള്ള കഥാപാത്രങ്ങളിലൊന്നാണ്, പുഴുവിലേത്. കുട്ടന്‍ എന്ന വിളിപ്പേരില്‍ മാത്രം അറിയുന്ന ആ കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധിച്ച് സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളിലൊന്നായിരിക്കും. അയാളുടെ സവര്‍ണബോധവും അധികാരഭാവവും ബ്രാഹ്മണിക്കല്‍ രീതികളും തൊട്ടുകൂടായ്മയും കണ്‍ട്രോളിങ്ങ് പാരന്റിങ്ങും വിദ്വേഷവും പൊലീസ് കാലത്തെ ക്രൂരതകളുമൊക്കെ ലെയറുകളായി ഒരേസമയം സിമ്പിളും കോംപ്ലിക്കേറ്റഡുമായി ഈ ക്യാരക്ടറില്‍ കാണാം.
മമ്മൂട്ടിയുടെ അസാധ്യ പെര്‍ഫോമന്‍സാണ് ഈ കഥാപാത്രത്തിന്റെയും പുഴു എന്ന സിനിമയുടെയും നെടുംതൂണ്‍. ഞാന്‍ ആദ്യം പറഞ്ഞതു പോലെ മമ്മൂട്ടിയല്ലേ അപ്പോള്‍ ആ കഥാപാത്രത്തില്‍ എന്തെങ്കിലും ഹീറോയിക് എലമെന്റ് കാണുമെന്ന് അസംപ്ഷനിലിരിക്കുന്ന പ്രേക്ഷകന് തുടക്കം മുതല്‍ അവസാനം വരെ അങ്ങനെ ചിന്തിക്കാന്‍ ഒരു അവസരം പോലും മമ്മൂട്ടി കൊടുക്കുന്നില്ല.
കുഞ്ചന്‍ ചെയ്ത ആ കഥാപാത്രത്തിന്റെ മുഖത്തടിക്കുന്ന സീനിലായാലും മകനോട് അച്ഛന്റെ സ്നേഹത്തെ കുറിച്ച് പറയുന്ന സീനിലായാലും അമ്മയോട് ഓരോന്ന് ചെയ്യിപ്പിക്കുകയല്ലേ എന്ന് പറയുന്ന സീനിലായാലും എന്തിന് കരയുന്ന ഭാഗത്ത് പോലും അയ്യോ മമ്മൂട്ടിയല്ലേ ഇതെന്ന ഒരു ചോദ്യം പ്രേക്ഷകനിലുണ്ടാക്കാതെയാണ് മമ്മൂട്ടി കുട്ടനെ അവതരിപ്പിച്ചിരിക്കുന്നത്.
അപ്പുണ്ണി ശശിയുടെ കുട്ടപ്പനാണ് സിനിമയിലെ അടുത്ത കഥാപാത്രം. ജീവിതത്തെ കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങളുള്ള ഉറച്ച നിലപാടുകളുള്ള കുട്ടപ്പന്‍ എന്ന കെ.പിയെ നല്ല രീതിയില്‍ തന്നെ പ്ലേസ് ചെയ്യാന്‍ സിനിമക്ക് പറ്റുന്നുണ്ട്. ജാതീയ അധിക്ഷേപങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ നിലപാടെടുക്കുന്ന, ഒരു ദളിത് ക്യാരക്ടറിനെ മലയാളത്തില്‍ ഇങ്ങനെ പ്ലേസ് ചെയ്തതും മികച്ച തീരുമാനമായിട്ടുണ്ട്.
പുഴുവിലെ ഭാരതി പാര്‍വതി സമീപകാലത്ത് ചെയ്തതിലെ മികച്ച വേഷങ്ങളിലൊന്നാണ്. ഉറച്ച നിലപാടുകളുള്ള എന്നാല്‍ അല്‍പം സൗമ്യമായി ഇടപെടുന്ന ഈ ക്യാരക്ടറിനെ കയ്യടക്കത്തോടെ പാര്‍വതി കൈകാര്യം ചെയ്തിട്ടുണ്ട്. ആര്‍ക്കറിയാം എന്നതിന് ശേഷം പൂര്‍ണമായും കഥാപാത്രമായി നിന്നുകൊണ്ടുള്ള പാര്‍വതിയുടെ പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ച സിനിമ കൂടിയാണ് പുഴു.
പക്ഷെ കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അത്രയും ഡെപ്തോ ലെയറുകളോ ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും ഇല്ലാത്തതു പോലെ തോന്നി. ഡയലോഗുകളിലൂടെയാണ് ഇവര്‍ സിനിമയിലുടനീളം രേഖപ്പെടുത്തുന്നത്. അതേസമയം പാര്‍വതിയുടെയും അപ്പുണ്ണി ശശിയുടെയും പെര്‍ഫോമന്‍സ് ആ കുറവ് നികത്തുന്നുണ്ട്. എടുത്ത് പറയേണ്ട പെര്‍ഫോമന്‍സ് ഋഷികേശ് എന്ന കുട്ടന്റെ മകന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വാസുദേവ് സജീഷിന്റെയാണ്. പേടിയും ദേഷ്യവും സ്നേഹവുമൊക്കെ അനായാസമായി വാസുദേവ് കൈകാര്യം ചെയ്തിട്ടുണ്ട്.
സിനിമയില്‍ വളരെ കുറച്ച് സീനുകളിലേ വരുന്നുള്ളുവെങ്കിലും കുഞ്ചന്റെ പോള്‍ വര്‍ഗീസ് മനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ്. കുട്ടന്റെ അധികാരഭാവത്തിന്റെ ഏറ്റവും ക്രൂരമായ ഭാവം കാണാന്‍ സാധിക്കുന്നത് നിസഹായനായ പോള്‍ വര്‍ഗീസുമായുള്ള സീനുകളിലാണ്. കുഞ്ചന്‍ ഈ കഥാപാത്രത്തെ ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമൊക്കെ അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ദ്രന്‍സിന്റെയും നെടുമുടി വേണുവിന്റെയും പ്രശാന്ത് അലക്സാണ്ടറിന്റെയും കോട്ടയം രമേഷിന്റെയും പെര്‍ഫോമന്‍സുകളും മികച്ചതായിരുന്നു.
ജേക്സ് ബിജോയുടെ മ്യൂസിക് പുഴുവിന്റെ പ്രധാന പ്ലസ് പോയിന്റാണ്. തേനി ഈശ്വറിന്റെ ക്യാമറക്കൊപ്പം ജേക്സ് വളരെ ബ്ലെന്‍ഡ് ചെയ്തു വരുന്നതോട് പുഴുവിന്റെ ആസ്വദനം ഭംഗിയാക്കുകയാണ്. സിനിമയുടെ മൊത്തം കളര്‍ ടോണും അതിനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന കോസ്റ്റിയൂം ഡിസൈനും ഇന്റീരിയറുകളും പ്രൊഡക്ഷന്‍ ഡിസൈനുമൊക്കെ ഇത്തരത്തില്‍ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നതിനും അത് മെയ്ന്റെയിന്‍ ചെയ്യുന്നതിനും ഏറെ സഹായിക്കുന്നതായിരുന്നു.
പുഴുവില്‍ ചില ഡ്രോ ബാക്കുകളായി തോന്നിയത് തിരക്കഥയിലെ ചില വിരസതകളും അവസാനത്തേക്കുള്ള ഹറീബറികളുമാണ്. മാത്രമല്ല, അവസാനം ആ പ്ലോട്ട് ഇടിച്ചുകയറി വരുന്നതും പിന്നെ സിനിമയില്‍ ഉടനീളം കാണിക്കുന്ന കുട്ടന്റെ മരണഭയത്തിന് അത്തരമൊരു റീസണ്‍ കൊടുത്തതും സിനിമയുടെ അതുവരെയുള്ള ടോണും പ്ലോട്ടും കഥ പറച്ചില്‍ രീതികളുമായി അത്രമേല്‍ ചേരാത്തതു പോലെയും തോന്നിയിരുന്നു.
അവിടെ അവതരിപ്പിക്കുന്ന ഫ്ളാഷ് ബാക്കിന് വല്ലാത്തൊരു ഏച്ചുകൂട്ടലും ഫീല്‍ ചെയ്തു. അവസാന ഭാഗങ്ങളിലെ ഡയലോഗ് അടക്കമുള്ളതിനെല്ലാം അനാവശ്യ നാടകീയതയുമുണ്ടായിരുന്നു. എന്നാല്‍ അവസാന ഭാഗങ്ങളിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സും ആ ക്യാരക്ടറിന്റെ അപ്പോഴും കൈവിടാത്ത അധികാരബോധത്തെ അവിടെ കാണിച്ചിരിക്കുന്നതും മെസ്മെറൈസിങ്ങായിരുന്നതുകൊണ്ട് തിരക്കഥയിലെയും സംവിധാനത്തിലെയും ആ പ്രശ്നങ്ങള്‍ മൊത്തം ആസ്വദനത്തെ അത്ര മോശമായി ബാധിച്ചില്ല.
സിനിമയില്‍ ചര്‍ച്ച ചെയ്യുന്ന ചില കാര്യങ്ങള്‍ സിനിമയുടെ പ്ലോട്ടിലെ ട്വിസ്റ്റുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അതേ കുറിച്ച് അധികം പറയുന്നില്ല. വരും ദിവസങ്ങളില്‍ പുഴുവിന് കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കും.
പുഴു മുന്നോട്ടുവെക്കുന്ന കുറെ പ്രതീക്ഷകളുണ്ട്. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും ഭാഗത്തുനിന്നും ഇതിലും മികച്ച സിനിമകളുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. പിന്നെ മമ്മൂട്ടിയുടെ അതിഗംഭീരമായ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൂടുതല്‍ കാണാന്‍ സാധിക്കുമെന്നും.
Content Highlight: Puzhu movie Review