| Friday, 6th May 2022, 1:16 pm

എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മമ്മൂട്ടിയോടുള്ള 'പ്രണയ'മായിരുന്നു മനസില്‍: പുഴു സംവിധായിക റത്തീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് മലയാളത്തിലെ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് റത്തീന. ഏറെ നാളായി മനസില്‍ കൊണ്ടു നടന്ന ആഗ്രഹം പുഴുവിലൂടെ സഫലമായതിന്റെ ആവേശം റത്തീന മറച്ചുവെക്കുന്നില്ല.

മെയ് 13 ന് സോണി ലിവിലൂടെയാണ് പുഴു പ്രേക്ഷകരില്‍ എത്തുന്നത്. സംഭാഷണങ്ങളില്‍ ഉള്‍പ്പെടെ സസ്‌പെന്‍സ് നിറച്ചുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നടി പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കിയുള്ള ആദ്യ ചിത്രത്തെ കുറിച്ചും കുട്ടിക്കാലത്തെ മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ ഓര്‍മകളെ കുറിച്ചും സംസാരിക്കുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ റത്തീന.

‘എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മമ്മൂട്ടിയോടുള്ള ‘പ്രണയ’മായിരുന്നു മനസില്‍. മമ്മൂക്കയുടെ ഏത് സിനിമ വന്നാലും അതു കാണാന്‍ ഞാന്‍ പോകുമായിരുന്നു. വലുതാകുമ്പോള്‍ മമ്മൂട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ എല്ലാവരോടും പറഞ്ഞു നടന്നിരുന്നത്.

അപ്പോള്‍ എന്നെ കളിയാക്കാന്‍ വേണ്ടി ഉപ്പയും മറ്റു ബന്ധുക്കളും ഒരു കഥ പറയുമായിരുന്നു. ശരിക്കുള്ള മമ്മൂട്ടി ‘സൂര്യമാനസ’ത്തിലെ പട്ടുറുമീസിനെയും മൃഗയയിലെ വാറുണ്ണിയേയും പോലെയാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

മറ്റു സിനിമകളില്‍ കാണുന്ന മമ്മൂട്ടി മേക്കപ്പിട്ടതാണെന്നും പറയുമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ സങ്കടം വരും. സിനിമയിലായാലും മമ്മൂട്ടിയെ ആരെങ്കിലും ഉപദ്രവിക്കുന്നതു കണ്ടാല്‍ എനിക്ക് സഹിക്കാന്‍ പറ്റില്ല.

‘യാത്ര’ എന്ന സിനിമയില്‍ മമ്മൂട്ടിയെ ജയിലില്‍ വെച്ച് പൊലിസ് മൂത്രം കുടിപ്പിക്കുന്ന ഒരു രംഗമുണ്ട്. അതുകണ്ട് സിനിമ തീരുന്നതിന് മുമ്പ് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങി വന്ന് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോഴും കുട്ടിക്കാലത്തെ മമ്മൂട്ടി പ്രണയം പറഞ്ഞ് പലരും എന്നെ കളിയാക്കാറുണ്ട്, റത്തീന പറയുന്നു.

മമ്മൂട്ടിക്കും പാര്‍വതിക്കും പുറെ കോട്ടയം രമേഷ്, കുഞ്ചന്‍, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രം കൂടിയാണ് ‘പുഴു’. വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്ററും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ക്യാമറ ഒരുക്കിയിരിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്.

ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

Content Highlight: Puzhu Movie Director Ratheena About Mammootty

We use cookies to give you the best possible experience. Learn more