| Thursday, 16th May 2024, 12:25 pm

പുഴു നമ്മള്‍ കണ്ടു ശീലിച്ച ജാതിവിരുദ്ധ ചിത്രമല്ല, അതില്‍ ബ്രാഹ്‌മണനുണ്ട്

അനുരാജ് ഗിരിജ കെ.എ

മലയാളത്തിലിറങ്ങിയ മികച്ച ജാതിവിരുദ്ധ ഉള്ളടക്കമുള്ളൊരു സിനിമയാണ് ‘പുഴു’. ആ സിനിമ പിന്തുടരുന്ന കഥ പറച്ചിലിന്റെ പാറ്റേണ്‍ ഒരുപക്ഷേ ആദ്യമായായിരിക്കും മലയാളത്തില്‍ പരീക്ഷിക്കപ്പെടുന്നത്.

പൊതുവില്‍ ജാതിവിരുദ്ധ സിനിമകള്‍ എന്ന ലേബലില്‍ വരുന്ന സിനിമകള്‍ പിന്തുടരുന്ന പാറ്റേണ്‍ ഏകദേശം ഇങ്ങനെയാണ്.

ഒരു ദളിത് കഥാപാത്രം ഉണ്ടാകും, അയാള്‍ക്കെതിരെ ഒരു അനീതി സംഭവിക്കും. അയാള്‍ക്ക് അനുകൂലമായ സിമ്പതി ക്രിയേറ്റ് ചെയ്യപ്പെടും. ക്‌ളൈമാക്‌സില്‍ അയാള്‍ക്ക് നീതി ലഭിക്കുന്നു / ലഭിക്കാതിരിക്കുന്നു.

ഈ സിനിമകള്‍ക്കെല്ലാം ഉള്ള പ്രത്യേകത, ദളിത് കഥാപാത്രം അനുഭവിക്കുന്ന ദൈന്യതയെയാണ് സിനിമ ഫോളോ ചെയ്യുന്നത് എന്നതാണ്. അതിനെ എന്‍ഹാന്‍സ് ചെയ്യാന്‍ മാത്രം ആന്റഗോണിസ്റ്റ് ആയ ആളെ/ആളുകളെ ഭീകരവല്‍ക്കരിക്കുകയും ചെയ്യും. ഇവിടെയാണ് ‘പുഴു’ വ്യത്യസ്തമാകുന്നത്.

‘പുഴു’ സിനിമയിലാകെ പിന്തുടരുന്നത് ഒരു സവര്‍ണ്ണന്റെ ആത്മസംഘര്‍ഷങ്ങളെയാണ്. എന്താണ് ഒരു സവര്‍ണ്ണനെ ജാതിവാദിയായി നിലനിര്‍ത്തുന്നത്, അയാളെ ജാതിവാദിയായി തുടരാന്‍ പ്രേരിപ്പിക്കുന്ന യുക്തികള്‍ ഒക്കെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ജാതി എന്നാല്‍ ദലിതന്റെ ദൈന്യത എന്ന ഇക്വേഷന്‍ ബ്രെയ്ക്ക് ചെയ്ത് സവര്‍ണ്ണനെ ജാതിവാദിയായി നിലനിര്‍ത്തുന്ന സാഹചര്യങ്ങളിലേക്ക് ക്യാമറ തിരിച്ചു വയ്ക്കാനുള്ള വിപ്ലവകരമായ കാര്യം ചെയ്ത സിനിമയാണ് പുഴു.

ലോകത്ത് പ്രണയിച്ചു വിവാഹം കഴിക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ. മറ്റൊരു രാജ്യത്തും ആളെ കൊന്ന് പ്രണയത്തെ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്ല.

ആ വ്യവസ്ഥിതിയുടെ പ്രോഡക്റ്റ് ആയ ഇന്ത്യന്‍ സവര്‍ണ്ണന് നേരെ ക്യാമറ തിരിയുമ്പോള്‍ ദലിതന്റെ ദൈന്യത പറയുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ പ്രശ്‌നം ഉണ്ടാകും.

സഹജീവിയെ തുല്യ പൗരനായി കാണാന്‍ ഇന്നും കഴിയാത്ത ഇന്ത്യന്‍ സവര്‍ണ്ണര്‍ വച്ചു പുലര്‍ത്തുന്ന ഇടുങ്ങിയ മാനസികാവസ്ഥ എത്രയോ വര്‍ഷമായി സിനിമ ഡിസ്‌കസ് ചെയ്യാതെ ഇരിക്കുകയായിരുന്നു.

അത് ഡിസ്‌കസ് ചെയ്തു തുടങ്ങുമ്പോള്‍ മറുപടികള്‍ പറയേണ്ടി വരുമല്ലോ! അപ്പോള്‍ ചൊറിച്ചില്‍ ഒക്കെ സ്വാഭാവികമാണ്!

അനുരാജ് ഗിരിജ കെ.എ

We use cookies to give you the best possible experience. Learn more