മമ്മൂട്ടി മുഖ്യവേഷത്തിലെത്തിയ പുഴുവിലെ അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പന്‍ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
‘മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനേം ഇങ്ങനേം ഒന്നും മാറൂല്ലടോ.. അതിങ്ങനെ ഫാന്‍സി ഡ്രസ്സ് കളിച്ചു കൊണ്ടേയിരിക്കും’ എന്നുള്ള കുട്ടപ്പന്റെ ഡയലോഗ് ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീന്‍ കൂടിയായിരുന്നു ഇത്. പാര്‍വതി അവതരിപ്പിച്ച ഭാരതിയെന്ന കഥാപാത്രത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് കുട്ടപ്പന്‍ ഈ സംഭാഷണം പറയുന്നത്.
ഈ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു എന്നാണ് അപ്പുണ്ണി ശശി ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആ രംഗം എളുപ്പത്തില്‍ ചിത്രീകരിക്കാന്‍ പാര്‍വതിയും റത്തീനയുമാണ് തന്നെ സഹായിച്ചതെന്നും അപ്പുണ്ണി ശശി പറയുന്നു.
‘ പാര്‍വതി ഈ സിനിമ ചെയ്യാന്‍ വേണ്ടി കൂടെ നിന്നു എന്ന് പറയാം. പല നിര്‍ദേശങ്ങളും അവര്‍ തന്നിട്ടുണ്ട്. ആ ബെഡ്‌റൂം സീന്‍ ഡയരക്ടര്‍ റത്തീനയും പാര്‍വതിയും കൂടി ആദ്യം എനിക്ക് ചെയ്ത് കാണിച്ചു തരികയായിരുന്നു. എന്റെ ഉള്ളില്‍ നല്ല ആശങ്കയുണ്ടായിരുന്നു. എങ്ങനെയാണ് ഇത് ചെയ്യുക, ഈ സീന്‍ എങ്ങനെ വരുമെന്നൊക്കെ ആലോചിച്ചിരുന്നു. എന്താണെന്ന് മനസിലാവാത്ത ഒരു സംഭവം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ രണ്ടു പേരും എനിക്ക് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.
എന്റേയും പാര്‍വതിയുടേയും കഥാപാത്രം പെരുമാറുന്നതു പോലെ റത്തീനയും പാര്‍വതിയും ഒന്നിച്ച് കട്ടിലില്‍ കിടന്ന് ഞങ്ങളുടെ കഥാപാത്രങ്ങള്‍ വര്‍ത്തമാനം പറയുന്നതുപോലെ അഭിനയിച്ചു. എന്തോ ഭാഗ്യത്തിന് ആ സീന്‍ ആദ്യ ടേക്കില്‍ തന്നെ ശരിയായി. മാത്രമല്ല ആ സീനിന് കയ്യടിയൊക്കെ കിട്ടി.
അവരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ പെട്ടെന്ന് തന്നെ സീന്‍ ഓക്കെയാവാന്‍ ഞാന്‍ മനസില്‍ പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ അവരെ സംബന്ധിച്ച് എത്ര ടേക്ക് പോയാലും അവര്‍ വളരെ വൃത്തിയായി കൃത്യമായി ചെയ്തിരിക്കും. അങ്ങനെ ഒരു മനസുള്ള ആളാണ്. നമ്മുടെ ഉള്ളില്‍ മാത്രമാണ് ആശങ്ക. നന്നായിട്ട് വരട്ടെ, പെട്ടെന്ന് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിച്ച പോലെ തന്നെ ആ സീനും ആദ്യ ടേക്കില്‍ തന്നെ ശരിയായി.
പല ടേക്കുകളും അങ്ങനെ പെട്ടെന്ന് തന്നെ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ബൈക്കില്‍ കയറിപ്പോകുന്ന സീനും ബൈക്ക് ഓടിക്കുന്ന സീനും ടെക്‌നിക്കലി നമ്മളെ ബുദ്ധിമുട്ടിക്കാന്‍ സാധ്യതയുള്ള ഏരിയ ആണ്.
ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മള്‍ ബൈക്ക് ഓടിക്കാന്‍ നോക്കുമ്പോള്‍ കൃത്യമായി താക്കോല്‍ അതില്‍ വീഴില്ല. അല്ലെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ട് ആവില്ല. പിന്നെ ഹെല്‍മെറ്റ് എടുത്താല്‍ നമുക്ക് കൃത്യസമയത്ത് ലോക്ക് ചെയ്യാന്‍ സാധിച്ചോളണമെന്നില്ല. ഇങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങള്‍ വരുമല്ലോ. എന്തുകൊണ്ടോ എല്ലാം വിചാരിച്ച പോലെ ചെയ്യാന്‍ സാധിച്ചു.
എനിക്കെന്തായാലും ഈ സിനിമ അനുഭവമാണ്. ഇത്രയും നല്ല ഒരു കൂട്ടത്തിനിടയില്‍പ്പെട്ടതുകൊണ്ടും മമ്മൂക്കയെപ്പോലുള്ള ഇത്രയും മഹാന്മാരായ നടന്മാര്‍ക്കൊപ്പം ഇത്രയും നല്ല റോള്‍ ചെയ്യാന്‍, നല്ലൊരു സിനിമയില്‍ നല്ലൊരു പാര്‍ട്ടാവാന്‍ പറ്റിയത് മഹാഭാഗ്യമായി കരുതുന്നു, അപ്പുണ്ണി ശശി പറഞ്ഞു.
ആര്‍ക്കറിയാം എന്ന സിനിമയിലെ പാര്‍വതിയുടെ പ്രകടനത്തെ കുറിച്ചും അപ്പുണ്ണി ശശി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ആര്‍ക്കറിയാം റിലീസ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോഴാണ് പുഴുവിന്റെ ഷൂട്ടിങ്ങ് നടന്നത്. ആര്‍ക്കറിയാം ഞാന്‍ കണ്ട സമയമായിരുന്നു.
ആ സിനിമയില്‍ ബിജു ചേട്ടന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്, ഷറഫു നന്നായി അഭിനയിച്ചിട്ടുണ്ട്, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് പാര്‍വതിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു.
ഇവര്‍ക്ക് വലുതായൊന്നും ആ സിനിമയില്‍ ചെയ്യാനില്ലെങ്കിലും അവരുടെ ആ പ്രസന്‍സ് കൊണ്ടും ചെയ്ത്ത് കൊണ്ടും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വല്ലാത്തൊരു കഴിവാണത്.
കാരണം സിനിമയില്‍ ഡയലോഗും കാര്യങ്ങളൊന്നുമില്ലാതെ സ്‌ക്രീനില്‍ നില്‍ക്കുക, സ്‌ക്രീന്‍ പ്രസന്‍സോടെ അഭിനയിക്കുക എന്നൊക്കെ പറയുന്നത് ചെറിയ ബുദ്ധിമുട്ടൊന്നുമല്ല. കഥാപാത്രത്തിന് ജീവന്‍ കൊടുക്കുകയാണത്.
എനിക്ക് അത് ഭയങ്കര ഇഷ്ടമായി എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതുപോലെ ടേക്ക് ഓഫുമെല്ലാം നമ്മള്‍ കണ്ടതാണ്. അതൊക്കെ കണ്ട് ഒരുപാട് ആരാധന തോന്നിയിരുന്നു, അപ്പുണ്ണി ശശി പറഞ്ഞു.
പുഴു സിനിമ ചെയ്യാന്‍ വേണ്ടി എന്റെ കൂടെ നിന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ഒന്നുരണ്ട് പ്രാവശ്യം എനിക്ക് നിര്‍ദേശങ്ങളും തന്നിരുന്നു. നമുക്ക് ഇങ്ങനെ ചെയ്താലോ, എന്നാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നൊക്കെ ചോദിക്കും. ‘നമുക്ക്’ എന്നാണ് എപ്പോഴും പറയുക.
അല്ലാതെ സെറ്റില്‍ ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഒരാളല്ല. അവരുടേത് വേറെ ഒരു രീതി തന്നെയാണ്. നല്ല ഇന്റലിജന്റായ കക്ഷിയായാണ് എനിക്ക് പാര്‍വതിയെ തോന്നിയത്. നന്നായി പെരുമാറുന്ന ഒരാള്‍.
സിനിമയില്‍ അത്രത്തോളം വലിയ സ്ഥാനമില്ലാത്ത ഞാന്‍, എന്റെ രൂപം, ഇപ്പോഴുള്ള പൊസിഷന്‍- ഇതൊക്കെ വെച്ച് എന്റെ പെയര്‍ ആയി അഭിനയിക്കാന്‍ അവര്‍ വന്നു. ഈ കാര്യത്തില്‍ എനിക്ക് അവരോട് ബഹുമാനം തോന്നിയിട്ടുണ്ട്. കാരണം, ഒരുപാട് പേര്‍ അത്തരം സാഹചര്യങ്ങളില്‍ ഒപ്പം അഭിനയിക്കാത്ത പ്രശ്നങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.
സിനിമയാണ് അവര്‍ക്ക് പ്രധാനം. സിനിമയില്‍ തന്റെ ഭാഗം കൃത്യമായി ചെയ്യുക, എന്നുള്ള അവരുടെ ഡെഡിക്കേഷന്‍ നമ്മള്‍ നമിക്കേണ്ട കാര്യം തന്നെയാണ്,” അപ്പുണ്ണി ശശി പറഞ്ഞു.
Content Highlight: Puzhu Actor Appunni Sasi about Bedroom scene and shooting process