കൊല്ലം: പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കൊല്ലം കളക്ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്ക് അയക്കും. സിസി ടിവി ക്യാമറകള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവുമോ എന്ന് നോക്കും.
ക്ഷേത്രഭാരവാഹികള്‍ കളക്ടറെ വന്നു കണ്ട ദിവസത്തെ കാമറ ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്. കളക്‌ട്രേറ്റിലെ 16 കാമറകളില്‍ ആറെണ്ണം പ്രവര്‍ത്തനരഹിതമാണ്.
കൂടുതല്‍ അന്വേഷണത്തിനായി ഹാര്‍ഡ് ഡിസ്‌ക് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്കു കൊണ്ടുപോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം ജില്ലാ കളക്ടറെ കണ്ടിരുന്നുവെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴി പരിശോധിക്കാനായിരുന്നു സിസിടിവി ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
പരവൂര്‍ ദുരന്തമുണ്ടായതിന് ശേഷം വെടിക്കെട്ടിന് അനുമതി നിഷേധിച്ച തന്നെ മറികടന്ന് അതിന് അനുവാദം നല്‍കിയ പൊലീസിനെതിരെ പരസ്യവിമര്‍ശനവുമായി കളക്ടര്‍ ഷൈനമോള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ക്കെതിരെ പൊലീസ് സേനയില്‍ കടുത്ത രോഷം ഉയര്‍ന്നിരുന്നു.
കൂടാതെ കളക്ടറുടെ വിമര്‍ശനങ്ങളില്‍ പൊലീസ് തലപ്പത്തുളളവര്‍ക്കുളള ആഭ്യന്തരവകുപ്പിനെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
വെടിക്കെട്ടിന് വാക്കാല്‍ അനുമതി കിട്ടിയെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞാല്‍ പൊലീസിന് അത് അനുവദിച്ചുകൊടുക്കാന്‍ ഉത്തരവാദിത്വമില്ലെന്ന് കളക്ടര്‍ ഷൈനാമോള്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് കൊല്ലം സിറ്റി കമ്മീഷണറോട് ജില്ലാ കളക്റ്റര്‍ വിശദീകരണവും തേടിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം കളക്ടര്‍ എ.ഷൈനാമോള്‍ മുതലാക്കുകയാണെന്നും കമ്മീഷണറെ കളക്ടര്‍ കുറ്റപ്പെടുത്തുന്നത് സ്വന്തം വീഴ്ച മറച്ചുവെക്കാനാണെന്നുമായിരുന്നു പോലീസിന്റെ വാദം.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കാണിച്ച്ായിരുന്നു കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
വെടിക്കെട്ട് നടത്തരുതെന്ന തന്റെ ഉത്തരവ് പൊലീസ് നടപ്പാക്കിയില്ലെന്ന് റവന്യൂമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.മത്സരവെടിക്കെട്ടിന് താന്‍ അനുമതി നിഷേധിച്ചിട്ടും ജില്ലാ പൊലീസ് മേധാവി മൗനം പാലിക്കുകയായിരുന്നു. കൊല്ലം പൊലീസ് ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അടക്കം എല്ലാവര്‍ക്കും മത്സരവെടിക്കെട്ട് നടക്കുന്ന കാര്യം അറിയാമായിരുന്നെന്നും ഷൈനാമോള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.