| Friday, 20th January 2017, 10:54 am

പുറ്റിങ്ങല്‍ അപകടത്തില്‍ സമഗ്രാന്വേഷണം വേണം: പോലീസിന്റെ 9 വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് ആഭ്യന്തര സെക്രട്ടറിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപടകത്തില്‍ പോലീസിനെതിരെ ആഭ്യന്തര സെക്രട്ടറിയുടെ കത്ത്. പുറ്റിങ്ങല്‍ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കാണ് കത്ത് നല്‍കിയത്.

പോലീസിന്റെ 9 വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.  വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നല്‍കിയത്.

പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ട് അവിടെ നടത്തിയതിനെതിരെയും പോലീസ് അത് തടയാന്‍ ശ്രമിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും  കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


അതേസമയം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും കമ്പക്കാര്‍ക്കുമെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. പുറ്റിങ്ങലില്‍ നടന്നത് മത്സരക്കമ്പമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസിലെ 57 പ്രതികളില്‍ 37 പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികള്‍, കമ്പക്കാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

വെടിക്കെട്ട് നടക്കുമ്പോള്‍ സംഘാടകരോ, കമ്പക്കാരോ, കോണ്‍ട്രാക്ടര്‍മാരോ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമ്പത് മീറ്റര്‍ ചുറ്റളവില്‍ പോലും ആള്‍ത്താമസമുള്ള വീടുകള്‍ ഉണ്ടായിരുന്നു. അതുപോലും പരിഗണിക്കാതെയാണ് മത്സര കമ്പം നടത്തിയതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.30ന് ഉണ്ടായ ദുരന്തത്തില്‍ 110 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കമ്പപ്പുരയ്ക്ക് തീ പിടിച്ചായിരുന്നു അപകടം. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മത്സര കമ്പം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more