പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പോലീസിനും ജില്ലാഭരണകൂടത്തിനും ക്ലീന്‍ചിറ്റ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
Daily News
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പോലീസിനും ജില്ലാഭരണകൂടത്തിനും ക്ലീന്‍ചിറ്റ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th July 2016, 10:20 am

കൊല്ലം: പുറ്റിങ്ങള്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. എ.ഡി.ജി.പ്പിക്കാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ക്ഷേത്രഭാരവാഹികള്‍ ഉല്‍പ്പെടെ 43 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പടക്കനിര്‍മാണതൊഴിലാളികളും ഇതില്‍ ഉള്‍പ്പെട്ടും.

അതേസമയം പോലീസിനോ ജില്ലാഭരണകൂടത്തിനോ ബോധപൂര്‍വം വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെടിക്കെട്ട് നടത്താനായി ക്ഷേത്രഭാരവാഹികളുടേയും രാഷ്ട്രീയക്കാരുടേയും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് വെടിക്കെട്ടിന് മുന്‍പായി ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍രേഖകള്‍ ്‌ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

അതേസമയം വെടിക്കെട്ടിന് അനുമതി ചോദിക്കാനായാണ് വിളിച്ചത് എന്ന രീതിയില്‍ ഒരു പരാമര്‍ശവും കുറ്റപത്രത്തിലില്ല. വെടിക്കെട്ട് നടത്തനായി പീതാംബരക്കുറുപ്പ് സമ്മര്‍ദ്ദം ചെലുത്തിയതായി ആ സമയത്ത് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു വെടിക്കെട്ട് നടക്കുമ്പോള്‍ അത് അറിയിക്കാനായി പോലീസിനെ വിളിച്ചതാണെന്നും അല്ലാതെ അനുമതി ചോദിച്ചതല്ലെന്നുമായിരുന്നു പീതാംബരക്കുറുപ്പിന്റെ വാദം.

പൊട്ടാസ്യം നൈട്രേറ്റും പൊട്ടാസ്യം ക്ലോറേറ്റും വെടിക്കെട്ടിനായി ഉപയോഗിച്ചെന്നും വെടിക്കെട്ട് മരുന്ന് സൂക്ഷിച്ചത് സുരക്ഷാസംവിധാനങ്ങളൊന്നും ഇല്ലാത്ത കമ്മിറ്റി ഓഫീസിലാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം. വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് കമ്പപ്പുരയുടെ മുകളില്‍ പതിച്ചതാണ് അപകടത്തിന് കാരണം. ആളുകള്‍ ചിതറിയോടിയതും അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കമ്പപ്പുരയാണ് ആദ്യം കത്തിയത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തൂണും മേല്‍ക്കൂരയിലെ ഓടും സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു. ഇവ ശരീരത്തില്‍ തറച്ചാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്.

ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും കമ്പപ്പുരയോട് ചേര്‍ന്ന് നിന്നവരായിരുന്നു കൂഅപകടത്തില്‍പ്പെട്ടത്. സമീപത്തുള്ള നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വെടിക്കെട്ട് അപകടത്തില്‍ 110 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്. ദുരന്തത്തില്‍ സാരമായി പരിക്കേറ്റവര്‍ ഏറ്റവും കുറഞ്ഞത് 700 പേരെങ്കിലും ഉണ്ടാകും.