ഇപ്പോള്‍ പ്രതികരിക്കാനില്ല; ബൈഡന്റെ വിജയത്തിനു ശേഷമുള്ള പുടിന്റെ മൗനത്തിന്റെ കാരണം
World News
ഇപ്പോള്‍ പ്രതികരിക്കാനില്ല; ബൈഡന്റെ വിജയത്തിനു ശേഷമുള്ള പുടിന്റെ മൗനത്തിന്റെ കാരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th November 2020, 11:02 pm

മോസ്‌കോ: അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബൈഡന് ആശംസകളറിയിക്കാത്ത ചുരുക്കം ചില ലോകരാജ്യങ്ങളിലൊന്നാണ് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പടിന്‍ ഇതുവരെയും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടില്ല. ഇത് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ സര്‍ക്കാര്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം നിലനില്‍ക്കുന്ന തര്‍ക്കവും മറ്റ് നിയമ പ്രശ്‌നങ്ങളിലും തീര്‍പ്പാക്കിയ ശേഷം ഇക്കാര്യത്തില്‍ പ്രസ്താവനയിറക്കുമെന്നാണ് പുടിന്റെ പ്രതിനിധി ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

2016 ല്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പുടിന്‍ ഉടന്‍ തന്നെ അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍ അന്ന് എതിരാളിയായിരുന്ന ഹിലരി ക്ലിന്റണ്‍ തോല്‍വി സമ്മതിച്ചിരുന്നെന്നും ഇത്തവണത്തെ സ്ഥിതി അതല്ലെന്നും പുടിന്റെ പ്രതിനിധി അറിയിച്ചു.

‘നിലവിലുള്ള പ്രസിഡന്റ് (ട്രംപ്) പ്രഖ്യാപിച്ച ചില നിയമപരമായ നടപടിക്രമങ്ങള്‍ അവിടെ വരാനുള്ളതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അവിടത്തെ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതാണ് ശരിയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു,’ പുടിന്റെ പ്രതിനിധി പറഞ്ഞു.

ചൈന, തുര്‍ക്കി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ അധികാരികളും ഇതുവരെ ബൈഡനെ അഭിനന്ദിച്ചിട്ടില്ല. കാര്യങ്ങളില്‍ തീരുമാനമായ ശേഷം ഔദ്യോഗികമായി പ്രസ്താവനയിറക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. നൊവാഡ അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടിംഗില്‍ ക്രമക്കേടു നടന്നെന്ന് ചൂണ്ടിക്കാട്ടി ട്രംപ് നേരത്തെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ