ജര്‍മനിയില്‍ മിസൈല്‍ വിന്യസിച്ചാല്‍ ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധി ഉണ്ടാകും; യു.എസിന് മുന്നറിയിപ്പുമായി പുടിന്‍
World News
ജര്‍മനിയില്‍ മിസൈല്‍ വിന്യസിച്ചാല്‍ ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധി ഉണ്ടാകും; യു.എസിന് മുന്നറിയിപ്പുമായി പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 11:39 am

കിയവ്: ജര്‍മനിയില്‍ മിസൈലുകള്‍ വിന്യസിക്കുന്നതിനെതിരെ അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ജര്‍മനിയില്‍ മിസൈല്‍ സ്ഥാപിക്കാൻ യു.എസ് മുതിര്‍ന്നാല്‍ ശീതയുദ്ധ മാതൃകയിലുള്ള ആക്രമണങ്ങളിലേക്ക് കടക്കുമെന്നാണ് പുടിന്‍ പറഞ്ഞത്.

ഇന്റര്‍മീഡിയറ്റ് റേഞ്ച് ആണവായുധങ്ങളുടെ ഉത്പാദനം റഷ്യ പുനരാരംഭിക്കുമെന്നും പശ്ചിമേഷ്യക്കടുത്ത് സമാനമായ മിസൈലുകള്‍ സ്ഥാപിക്കുമെന്നും പുടിന്‍ പറഞ്ഞു.

2026 മുതല്‍ ജര്‍മനിയില്‍ എസ്.എം-6, ടോമോഹോക് ക്രൂയിസ് മിസൈലുകള്‍ സ്ഥാപിക്കുമെന്ന് ജൂലൈ പത്തിന് യു.എസ് അറിയിച്ചിരുന്നു. റഷ്യയിലെ നാവിക ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്റെ പ്രസ്താവന.

‘ഭാവിയില്‍ ആണവായുധം വഹിക്കുന്ന മിസൈലുകള്‍ ജര്‍മന്‍ കേന്ദ്രങ്ങളില്‍ നിന്ന് റഷ്യയിലേക്കെത്താന്‍ പത്ത് മിനിറ്റ് സമയം മാത്രം മതി. യു.എസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും നീക്കങ്ങള്‍ നിരീക്ഷിച്ച് അവരെ മറികടക്കാന്‍ റഷ്യ ശ്രമിക്കും,’ പുടിന്‍ പറഞ്ഞു.

500 കിലോമീറ്ററിനും 5,500 കിലോമീറ്ററിനും ഇടയില്‍ പരിധിയുള്ള മിസൈലുകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് 1987ല്‍ യു.എസും സോവിയറ്റ് യൂണിയനും ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഉടമ്പടിയിലെ പല ധാരണകളും ലംഘിക്കപ്പെട്ടെന്ന് കാട്ടി 2019ല്‍ യു.എസും റഷ്യയും ഇതില്‍ നിന്ന് പിന്‍മാറി.

2022ല്‍ ഉക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ചത് മുതല്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുന്നതിന് ഇടയിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി റഷ്യ രംഗത്തെത്തിയത്.

പുടിന്‍ സാമ്രാജ്യത്വ മാതൃകയില്‍ കയ്യേറ്റമാണ് നടത്തുന്നതെന്നാണ് യുക്രൈനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്. നിലവില്‍ ക്രിമിയ ഉള്‍പ്പെടെ ഉക്രൈനിന്റെ 18 ശതമാനവും കിഴക്കന്‍ ഉക്രൈനിലെ നാല് പ്രദേശങ്ങളും നിയന്ത്രിക്കുന്ന റഷ്യയെ പരാജയപ്പെടുത്തുമെന്നും ഉക്രൈന്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Putin warns US of Cold War-style crisis if missiles deployed to Germany