| Tuesday, 19th March 2024, 8:54 am

മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്ന് ഒരു ചുവട് അകലെ; റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വെല്ലുവിളി ആവര്‍ത്തിച്ച് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ യു.എസിനെയും നാറ്റോ സഖ്യത്തെയും വെല്ലുവിളിച്ച് വ്ളാദിമിർ പുടിന്‍. ലോകം മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്ന് ഒരു ചുവട് മാത്രം അകലെയാണെന്ന് പുടിന്‍ പറഞ്ഞു.

ചൊവ്വാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയുപ്പുമായി പുടിന്‍ രംഗത്തെത്തിയത്. ഉക്രൈനില്‍ നാറ്റോ സൈന്യത്തെ വിന്യസിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പുടിന്‍ ഇതിന് മുമ്പും മുന്നറിയുപ്പുമായി രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൂടുതല്‍ ശക്തമായ മുന്നറിയപ്പാണ് പുടിന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഉക്രൈനില്‍ സൈന്യത്തെ വിന്യസിക്കാനുള്ള നാറ്റോയുടെ നീക്കത്തെ കുറിച്ച് റഷ്യക്ക് നല്ല ബോധ്യമുണ്ടെന്ന് പുടിന്‍ പറഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള ചുവട് വെപ്പായിരിക്കുമെന്ന് പുടിന്‍ പറഞ്ഞു. വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുടിന്റെ പ്രതികരണം.

‘ഉക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് ഫ്രഞ്ചും ഇംഗ്ലീഷും കേള്‍ക്കാറുണ്ട്. അത് അവര്‍ക്ക് അത്ര നല്ല കാര്യമല്ല. അവര്‍ യുദ്ധ ഭൂമിയില്‍ മരിച്ച് വീഴുന്നത് തുടരും. ഇത് മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള ചുവട് വെപ്പാണെന്ന് എല്ലാര്‍ക്കും അറിയാം. എന്നാല്‍ ആരും അതിന് ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് അറിയാം’, പുടിന്‍ പറഞ്ഞു.

ഉക്രൈന് സഹായമായി നാറ്റോ സൈന്യത്തെ അയക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആവശ്യമാണ് പുടിന്റെ നിരന്തരമുള്ള ഭീഷണികള്‍ക്ക് കാരണം. ശത്രുത വര്‍ധിപ്പിക്കുന്നതിന് പകരം സമാധാന പരമായി പരിഹാരം കണ്ടെത്താനാണ് ഫ്രാൻസ്
ശ്രമിക്കേണ്ടതെന്ന് പുടിന്‍ പറഞ്ഞു. അടുത്തിടെ ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ റഷ്യക്ക് മടിയില്ലെന്നും പുടിന്‍ പ്രതികരിച്ചിരുന്നു.

തിങ്കളാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റായി വ്‌ളാദിമിര്‍ പുടിന്‍ അഞ്ചാമതും തെരഞ്ഞെടുക്കപ്പെട്ടത്. 2030 വരെ റഷ്യന്‍ പ്രസിഡന്റ് ആയി അദ്ദേഹത്തിന് തുടരാന്‍ സാധിക്കും. അഞ്ചാമതും വിജയിച്ചതോടെ സ്റ്റാലിനെയും കടത്തിവെട്ടി റഷ്യയുടെ 200 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി പുടിന്‍ മാറി. പാശ്ചാത്യ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കാനുള്ള തന്റെ തീരുമാനം ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് വിജയത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Putin warns, Russia-NATO conflict is just one step from World War 3

We use cookies to give you the best possible experience. Learn more