ആണവായുധം പ്രയോഗിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കരുത്; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിന്‍
Trending
ആണവായുധം പ്രയോഗിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കരുത്; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2024, 8:00 am

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‌നില്‍ റഷ്യക്കെതിരെ സൈന്യത്തെ അയച്ചാല്‍ ആണവ യുദ്ധത്തിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യന്‍ നാറ്റോ അംഗങ്ങള്‍ ഉക്രെയ്‌നിലേക്ക് കരസേനയെ അയക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തിയത്.

നാറ്റോ സൈനിക സംഘങ്ങളെ ഉക്രെയ്‌നിലേക്ക് അയക്കാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നെന്നും എന്നാല്‍ അതിന്റെ അനന്തരഫലം കൂടുതല്‍ ദാരുണമായിരിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ‘അവരുടെ പ്രദേശങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന് അവര്‍ മനസിലാക്കണം. ആണവായുധം പ്രയോഗിച്ചാല്‍ എല്ലാം നശിക്കുമെന്ന് അവര്‍ എന്താണ് മനസിലാക്കാത്തത്’, പുടിന്‍ പറഞ്ഞു.

നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ അപകടങ്ങളെക്കുറിച്ച് പുടിന്‍ ഇതിന് മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യക്കെതിരെ സൈന്യത്തെ അയച്ച ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഉള്‍പ്പടെ സ്ഥിതി എന്തായിരുന്നുവെന്ന് പാശ്ചാത്യ നേതാക്കള്‍ ഓര്‍ക്കണമെന്നും പുടിന്‍ പറഞ്ഞു.

റഷ്യന്‍ സൈന്യം ഉക്രെയ്‌നില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും റഷ്യയെ ആണവായുധം ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കാൻ പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ബന്ധിതരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contant Highlight: Putin warns risk of nuclear war if West sends troops to Ukraine