മോസ്‌കോ: യു.എസും റഷ്യയും തമ്മിലുണ്ടാക്കിയ ആണവായുധ നിയന്ത്രണ കരാറുകളില്‍ അവശേഷിക്കുന്ന ഏക ഉടമ്പടിയില്‍ തന്റെ രാജ്യത്തിന്റെ പങ്കാളിത്തം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.
ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി തന്റെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പുടിന്റെ പ്രഖ്യാപനം.
തിങ്കളാഴ് ഖീവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നാലെയാണ് പുടിന്റെ നീക്കം.
റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ യു.എസുമായുള്ള ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയിലാണ് റഷ്യന്‍ പങ്കാളിത്തം നിര്‍ത്തിവെക്കുകയാണെന്ന് പുടിന്‍ അറിയിച്ചത്. പൂര്‍ണ്ണമായും ഉടമ്പടി ഉപേക്ഷിക്കുന്നില്ലെന്നും യു.എസുമായുള്ള പങ്കാളിത്തം മാത്രമാണ് താത്കാലികമായി നിര്‍ത്തിയതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്ന ആരോപണത്തെ ജോ ബൈഡന്‍ തള്ളിക്കളഞ്ഞു.
റഷ്യയുടെ ആക്രമണത്തിനിടയിലും ഉക്രൈന്‍ സ്വതന്ത്ര രാജ്യമായി തുടരുന്നുവെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ബൈഡന്‍ പറഞ്ഞു. പോളണ്ടിലെ വാഴ്‌സയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ല്‍ പ്രാഗില്‍ വെച്ചാണ് അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദ്വെവും ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്.
തൊട്ടടുത്ത വര്‍ഷം ഇത് പ്രാബല്യത്തില്‍ വന്നിരുന്നു. 2021ല്‍ യു.എസില്‍ ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനമേറ്റതിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി ഉടമ്പടി കരാര്‍ നീട്ടിയിരുന്നു.