| Tuesday, 1st March 2022, 12:23 pm

പുടിനെതിരെ വേള്‍ഡ് തായ്ക്വണ്ടോ; ബ്ലാക്ക് ബെല്‍റ്റ് പദവി തിരിച്ചെടുക്കും, മത്സരങ്ങളില്‍ റഷ്യയുടെ ദേശീയ പതാകയോ ഗാനമോ പ്രദര്‍ശിപ്പിക്കില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉക്രൈനില്‍ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ വ്‌ളാഡിമിര്‍ പുടിനെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി വിവിധ രാജ്യങ്ങളും സംഘടനകളും മുന്നോട്ടുവരുന്നു.

2013ല്‍ വ്‌ളാഡിമിര്‍ പുടിന് നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തുകൊണ്ടാണ് ഇപ്പോള്‍ വേള്‍ഡ് തായ്ക്വണ്ടോ റഷ്യന്‍ അധിനിവേശത്തിനെതിരെ നിലപാടെടുത്തിരിക്കുന്നത്.

”ഉക്രൈനിലൈ നിരപരാധികളായ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ വേള്‍ഡ് തായ്ക്വണ്ടോ ശക്തമായി അപലപിക്കുന്നു. ‘കീഴടക്കലിനെക്കാളും വിലയേറിയതാണ് സമാധാനം’ എന്ന വേള്‍ഡ് തായ്ക്വണ്ടോയുടെ വിഷനെതിരാണ് ഈ നീക്കം.

ഈ സാഹചര്യത്തില്‍, വ്‌ളാഡിമിര്‍ പുടിന് 2013 നവംബറില്‍ നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുക്കാന്‍ വേള്‍ഡ് തായ്ക്വണ്ടോ തീരുമാനിച്ചിരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇനിമുതല്‍ വേള്‍ഡ് തായ്ക്വണ്ടോ മത്സരങ്ങളില്‍ റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകളോ ദേശീയഗാനമോ പ്രദര്‍ശിപ്പിക്കില്ല.

റഷ്യയിലും ബെലാറസിലുമായി നടക്കുന്ന തായ്ക്വണ്ടോ മത്സരങ്ങള്‍ക്ക് വേള്‍ഡ് തായ്ക്വണ്ടോയോ യൂറോപ്യന്‍ തായ്ക്വണ്ടോ യൂണിയനോ അംഗീകാരം നല്‍കില്ലെന്നും അറിയിക്കുന്നു.

ഉക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് വേള്‍ഡ് തായ്ക്വണ്ടോയുടെ ചിന്തകള്‍. ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” വേള്‍ഡ് തായ്ക്വണ്ടോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജിലും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടെക് ഭീമന്മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്- മെറ്റ, ട്വിറ്റര്‍ തുടങ്ങിയവയെല്ലാം റഷ്യക്കെതിരെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ആക്രമണങ്ങളെത്തുടര്‍ന്ന് ഉക്രൈനില്‍ നിന്നും ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര്‍ രാജ്യം വിട്ടതായി യു.എന്‍ കണക്കുകള്‍ പറയുന്നു.


Content Highlight: Putin Stripped of Taekwondo Black Belt for Launching Attack On Ukraine

We use cookies to give you the best possible experience. Learn more