മോസ്‌കോ: റഷ്യയിലെ യു.എസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരികളെ അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യ. വ്യാഴാഴ്ചയാണ് ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്.
നിലവിലെ ഉത്തരവ് അനുസരിച്ച് റഷ്യന്‍ ഫെഡറേഷനിലെ യു.എസിന്റെയും അമേരിക്കക്കാരുടെയും മറ്റ് സ്വത്തവകാശങ്ങളും പിടിച്ചെടുക്കും.
സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള കോടതിയുടെ അംഗീകാരം ലഭിക്കും. യു.എസിലെ റഷ്യന്‍ ആസ്തികള്‍ പിടിച്ചെടുത്തിനു ബദലായാണ് അമേരിക്കയുടെ സ്വത്തുക്കളും കണ്ടു കെട്ടുന്നത്.
ഉക്രൈനെതിരേ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യ വിട്ടിരുന്നു. ഉക്രൈന് സാമ്പത്തിക സഹായം നല്‍കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് പുടിന്റെ ഉത്തരവ്. റഷ്യ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ്, കമ്പനികള്‍, ബാങ്ക് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ ഷെയറുകള്‍ എന്നിങ്ങനെയുള്ള യു.എസ് ഉടമസ്ഥതയിലുള്ള ആസ്തികളാണ് റഷ്യ കണ്ടു കെട്ടുന്നത്.
നാല് മാസത്തിനുള്ളില്‍ ഈ ഉത്തരവ് നടപ്പിലാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിനു വേണ്ട മാറ്റങ്ങള്‍ റഷ്യന്‍ ഫെഡറേഷനില്‍ വരുത്താന്‍ ഗവണ്മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlight: Putin signs decree allowing authorities to seize US property in Russia