| Thursday, 15th February 2024, 7:45 pm

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിനേക്കാൾ യോഗ്യന്‍ ബൈഡനെന്ന് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വീണ്ടും വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് വ്‌ലാഡിമിര്‍ പുടിന്‍. ബുധനാഴ്ച റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ നടന്ന അഭിമുഖത്തിലാണ് പുടിന്റെ പ്രസ്താവന.

ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ പരിചയ സമ്പന്നനാണ് ബൈഡനെന്നും അതിനാല്‍ അദ്ദേഹം വീണ്ടും അധികാരത്തിലെത്തണമെന്നാണ് റഷ്യയുടെ ആഗ്രഹമെന്ന് പുടിന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ബൈഡന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് താനൊരു ഡോക്ടറല്ലെന്നും അതില്‍ ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ മറുപടി നല്‍കി. യു.എസില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിട്ടുണ്ട്. അതിനാലാണ് ബൈഡന്റെ ആരോഗ്യാവസ്ഥ ചര്‍ച്ചാ വിഷയമാകുന്നത്.

2021 ജൂണില്‍ ബൈഡനുമായി സ്വിറ്റ്‌സര്‍ലാൻഡിൽ കൂടിക്കാഴ്ച നടത്തിയപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വളരെ ആരോഗ്യവാനായ ബൈഡനെയാണ് എനിക്കന്ന് കാണാന്‍ സാധിച്ചതെന്ന് പുടിന്‍ പറഞ്ഞു.

അദ്ദേഹത്തെ ദുര്‍ബലനായ ഭരണാധികാരിയെന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അതേസമയം ബൈഡന്റെ ഭരണനയം തെറ്റാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ‘നിലവിലെ യു.എസ് ഭരണകൂടത്തിന്റെ നിലപാടുകള്‍ തെറ്റാണ്. അതിനെ കുറിച്ച് ഞാന്‍ ബൈഡനോട് പറഞ്ഞിട്ടുണ്ട്’,പുടിന്‍ പറഞ്ഞു.

2022 ഫെബ്രുവരിയില്‍ ഉക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുകളുണ്ടായിരുന്നു. ഉക്രൈനിൽ റഷ്യന്‍ ഭാഷ സംസാരിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും ഉക്രൈന്റെ നാറ്റോ പ്രവേശനം തടയാനുമാണ് യുദ്ധം ആരംഭിച്ചതെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. എന്നാല്‍ റഷ്യയുടെത് പ്രകോപനപരമായ നടപടിയാണെന്നാണ് ഉക്രൈനും അവരുടെ പാശ്ചാത്യ സഖ്യ കക്ഷികളും അവകാശപ്പെട്ടത്.

Contant Highlight:  putin said I want Biden to win

We use cookies to give you the best possible experience. Learn more