'പുടിന്‍ വിമര്‍ശകര്‍ തീവ്രവാദികള്‍'; താലിബാനുള്‍പ്പെടുന്ന പട്ടികയില്‍ നവല്‍നിയെ ചേര്‍ത്ത് റഷ്യ
World News
'പുടിന്‍ വിമര്‍ശകര്‍ തീവ്രവാദികള്‍'; താലിബാനുള്‍പ്പെടുന്ന പട്ടികയില്‍ നവല്‍നിയെ ചേര്‍ത്ത് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 4:16 pm

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും റഷ്യയിലെ പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവല്‍നിയെ തീവ്രവാദി-ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി.

ചൊവ്വാഴ്ചയായിരുന്നു നവല്‍നിയെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ അധികൃതര്‍ ഉത്തരവിറക്കിയത്.

നവല്‍നിക്ക് പുറമെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ല്യുബൊവ് സൊബോളും പട്ടികയിലുണ്ട്.

‘ഫെഡറല്‍ ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് സര്‍വീസ് ഓഫ് ദ റഷ്യന്‍ ഫെഡറേഷന്‍’ (Rosfinmonitoring) തയാറാക്കിയ ഡാറ്റാബേസിലാണ് ‘നിരോധിക്കപ്പെട്ട വ്യക്തികളു’ടെ പട്ടികയില്‍ നവല്‍നിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുടിന്റെ കീഴിലുള്ള റഷ്യയില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് നവല്‍നിയെ തീവ്രവാദിയാക്കി മുദ്ര കുത്തിയിരിക്കുന്ന ഈ നടപടി.

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 2001ല്‍ ആരംഭിച്ചതാണ് ഫെഡറല്‍ സര്‍വീസ് ഓഫ് ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ്.

ഒമ്പത് സഹപ്രവര്‍ത്തകരെ കൂടി പട്ടികയില്‍ പെടുത്തിയിട്ടുണ്ട് എന്നാണ് നവല്‍നിയുടെ സ്ഥാപനമായ ആന്റി-കറപ്ഷന്‍ ഫൗണ്ടേഷന്‍ വൃത്തങ്ങള്‍ പറയുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിച്ചിരുന്നു.

തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ താലിബാനും ഐ.എസും അടക്കമുള്ള അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ നവല്‍നിയെയും റഷ്യ ചേര്‍ത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന അലക്‌സി നവല്‍നി റഷ്യയില്‍ അറസ്റ്റിലായത്.


Content Highlight: Putin’s Russia puts jailed Kremlin critic Alexei Navalny on ‘Terrorists Extremists’ list