പാശ്ചാത്യ രാജ്യങ്ങളിലെ റഷ്യൻ തടവുകാർക്ക് പകരം നവാൽനിയെ മോചിപ്പിക്കാൻ ആലോചനയുണ്ടായിരുന്നു: പുടിൻ
World News
പാശ്ചാത്യ രാജ്യങ്ങളിലെ റഷ്യൻ തടവുകാർക്ക് പകരം നവാൽനിയെ മോചിപ്പിക്കാൻ ആലോചനയുണ്ടായിരുന്നു: പുടിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 3:22 pm

മോസ്കോ: പശ്ചാത്യ രാജ്യങ്ങളിലെ റഷ്യൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി റഷ്യൻ ജയിലിൽ വെച്ച് മരണപ്പെട്ട അലക്സി നവാൽനിയെ മോചിപ്പിക്കാനിരുന്നതാണെന്ന് റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ.

പുടിൻ വിമർശകനും റഷ്യൻ പ്രതിപക്ഷ നേതാവെന്ന് പശ്ചാത്യ ലോകം വിശേഷിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവാണ് നവാൽനി.

നവാൽനിയുടെ മരണത്തിന് ശേഷം ആദ്യമായാണ് പുടിൻ അദ്ദേഹത്തെ കുറിച്ച് പ്രതികരിക്കുന്നത്. നവാൽനി മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ ഉദ്യോഗസ്ഥർ ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്ന് പുടിൻ പറഞ്ഞു.

തട്ടിപ്പ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നവാൽനി ഫെബ്രുവരിയിലാണ് മരണപ്പെട്ടത്.

പാശ്ചാത്യ രാജ്യങ്ങളിൽ തടവിൽ കഴിയുന്ന ഏതൊക്കെ റഷ്യൻ പൗരന്മാരെയാണെന്നോ എത്ര പേരെ മോചിപ്പിക്കുമെന്നോ പുടിൻ വ്യക്തമാക്കിയില്ല. പാശ്ചാത്യ ലോകത്തേക്ക് പോകുന്ന നവാൽനി ഒരിക്കലും റഷ്യയിലേക്ക് മടങ്ങി വരരുത് എന്ന് മാത്രമായിരുന്നു ഉടമ്പടിയുടെ വ്യവസ്ഥയെന്ന് പുടിൻ പറയുന്നു.

അതേസമയം അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ അധികാരമേൽക്കാനിരിക്കുകയാണ്. 2030 വരെ ഇനിയും ഭരണം തുടരും. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സ്റ്റാലിനെയും കടത്തിവെട്ടി റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി പുടിൻ മാറി.

പാശ്ചാത്യ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Content Highlight: Putin reveals Navalny was to be swapped