| Wednesday, 14th August 2024, 11:01 am

ഞങ്ങള്‍ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ്, എങ്കിലും റഷ്യ എന്നും ഫലസ്തീനൊപ്പമുണ്ടാകും: മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ ഗസയില്‍ ഉയരുന്ന മരണസംഖ്യയില്‍ ആശങ്ക രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.

മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംഘര്‍ഷങ്ങളും സമാധാനപരമായി പരിഹാരിക്കപ്പെടണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.

അറബ് ലോകവുമായും പ്രത്യേകിച്ച് ഫലസ്തീനുമായും റഷ്യയ്ക്ക് ദീര്‍ഘകാലമായി ആഴത്തില്‍ വേരുറച്ച ബന്ധങ്ങളുണ്ട്. ഇപ്പോള്‍ ഫലസ്തീന്‍ നേരിടുന്ന ഈ ദുരന്തത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ അവഗണിക്കപ്പെട്ടതിന്റെ ഫലമാണ് ഗസ ഇന്ന് നേരിടുന്ന ദുരന്തമെന്നും പുടിന്‍ പറഞ്ഞു.

‘പ്രദേശത്ത് ദീര്‍ഘകാല സമാധാനം പുനസ്ഥാപിക്കണമെങ്കില്‍, ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളും നടപ്പിലാക്കേണ്ടതുണ്ട്, പ്രധാനമായും ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. ഈ നിലപാട് ഞങ്ങള്‍ ദീര്‍ഘകാലമായി പുലര്‍ത്തുന്നതാണ്, രാഷ്ട്രീയ പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും ഞങ്ങളുടെ ഈ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല,’ പുടിന്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മരണസംഖ്യ ഇതിനകം 40,000 കടന്നിട്ടുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും ഉയര്‍ന്ന മരണസംഖ്യ ആശങ്കപ്പെടുത്തുന്നതാണ്.

ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ ഇതിനകം 700 ടണ്‍ ദുരിതാശ്വാസ സഹായം അയച്ചിട്ടുണ്ട്.

‘റഷ്യ ഇന്ന്, ദൗര്‍ഭാഗ്യവശാല്‍, തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ചിലരെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം ജനങ്ങളെ ആയുധമേന്തി സംരക്ഷിക്കേണ്ട അവസ്ഥയിലാണ്. അത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മധ്യപൂര്‍വ്വേഷ്യയിലും ഫലസ്തീനിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഞങ്ങളുടെ ശ്രദ്ധ എത്താറുണ്ട്. തീര്‍ച്ചയായും, ഫലസ്തീനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദുരന്തത്തെ തങ്ങള്‍ വലിയ വേദനയോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്,’ പുടിന്‍ പറഞ്ഞു.

ഫലസ്തീന്‍ ജനതയ്ക്ക് റഷ്യന്‍ സര്‍ക്കാരിനോടും അവിടുത്തെ ജനങ്ങളോടുമുള്ള നന്ദി താന്‍ അറിയിക്കുകയാണെന്നായിരുന്നു മഹ്‌മൂദ് അബ്ബാസ് പറഞ്ഞത്. റഷ്യ ഫലസ്തീന്‍ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒന്നാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

1947 മുതല്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയും സുരക്ഷാ കൗണ്‍സിലും 1,000-ലധികം പ്രമേയങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരൊറ്റ പ്രമേയം നടപ്പിലാക്കിയിരുന്നെങ്കില്‍, അത് ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സഹായിച്ചേനെ, എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം ഈ ദൗത്യം പരാജയപ്പെട്ടു’ അബ്ബാസ് പറഞ്ഞു,

ഹമാസ്, ഹസ്ബുള്ള സംഘടനയുടെ ഉന്നത നേതാക്കളെ ഇസ്രഈല്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഹിസ്ബുള്ളയില്‍ നിന്നും കനത്ത ആക്രമണം നേരിടാന്‍ ഇസ്രഈല്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഗസയ്ക്ക് വേണ്ടി നിലപാടെടുക്കുന്ന രാജ്യമാണ് റഷ്യ. തുടക്കം മുതല്‍ തന്നെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ റഷ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ ഇതുവരെ ഏകദേശം 40000 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.

Content Highlight: Putin reaffirms Russia’s support for Palestine

We use cookies to give you the best possible experience. Learn more