ടെല്‍ അവീവ്: ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ വധിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉറപ്പ് തന്നിരുന്നതായി ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റ്.
‘നിങ്ങള്‍ക്ക് സെലന്‍സ്‌കിയെ കൊല്ലാന്‍ ആലോചനയുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ അങ്ങനെയൊരു പദ്ധതിയില്ല എന്ന് പുടിന്‍ പറഞ്ഞു. അത് ഉറപ്പിക്കാനായി വീണ്ടും ചോദിച്ചപ്പോള്‍ വധിക്കില്ലെന്ന് ഉറപ്പ് നല്‍കി’ ബെന്നറ്റ് പറയുന്നു. മാധ്യമപ്രവര്‍ത്തകനായ ഹനച്ച് ദാമിന് നല്‍കിയ അഭിമുഖത്തിലാണ് ബെന്നറ്റ് ഈ അവകാശവാദം ഉന്നയിക്കുന്നത്.
ഉക്രൈന്‍-റഷ്യ യുദ്ധ സമയത്ത് പുടിനുമായി ബെന്നറ്റ് ചര്‍ച്ച നടത്തിയിരുന്നു. യുദ്ധത്തിന്റെ തുടക്കം മുതലേ മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടുവന്ന ബെന്നറ്റ് പുടിനുമായി നടത്തിയ കൂടിക്കാഴ്ച ആ സമയത്ത് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളെ കുറിച്ചാണ് ബെന്നറ്റ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
വധിക്കില്ലെന്ന് പുടിന്‍ പറഞ്ഞ കാര്യം ഉടന്‍ തന്നെ സെലന്‍സ്‌കിയെ അറിയിച്ചതായും ബെന്നറ്റ് പറഞ്ഞു. ചര്‍ച്ചക്കിടയില്‍ നാറ്റോയില്‍ ചേരില്ലെന്ന് സെലന്‍സ്‌കിയും റഷ്യ ഉക്രൈനിലെ നിരായുധീകരണത്തില്‍ നിന്ന് പിന്‍മാറുമെന്ന് പുടിനും ഉറപ്പ് നല്‍കിയതായും ബെന്നറ്റ് പറയുന്നു.
കഴിഞ്ഞ വര്‍ഷം റഷ്യ- ഉക്രൈന്‍ യുദ്ധ സമയത്ത് നടത്തിയ മോസ്‌കോ സന്ദര്‍ശനത്തിനിടയിലാണ് ബെന്നറ്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍ മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ തുടക്കം മുതല്‍ മധ്യസ്ഥനാകാന്‍ ശ്രമിച്ചിരുന്നെങ്കിലും ബെന്നറ്റിന്റെ ചര്‍ച്ചകളൊന്നും വിജയം കണ്ടിരുന്നില്ല. റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇസ്രഈലിന്റെ ബന്ധം ഒരുപോലെ നിലനിര്‍ത്താനും, അന്താരാഷ്ട്ര തലത്തില്‍ തനിക്കൊരു സ്ഥാനം നേടിയെടുക്കുന്നതിനും വേണ്ടിയായിരുന്നു ബെന്നറ്റിന്റെ ശ്രമങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പുടിന്റെ വിവിധ രാജ്യങ്ങളോടുള്ള സമീപനത്തെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള ചര്‍ച്ചകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പുടിന്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബി.ബി.സിയോട് പറഞ്ഞിരുന്നു.
അതേസമയം ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് പുടിനെ അനുകൂലിച്ച് കൊണ്ടാണ് സംസാരിച്ചത്. പുടിന്‍ തന്നെയും ജര്‍മനിയെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡ് ആം സോണ്‍ടാഗിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
Content Highlight: Putin Promises Zelensky Will Not Be Executed’; Former Prime Minister of Israel Naftali Bennett with a new claim