| Wednesday, 22nd November 2023, 9:54 pm

ഗസയിൽ സഹായമെത്തിക്കേണ്ടത് റഷ്യയുടെ ധാർമിക ഉത്തരവാദിത്തം: പുടിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: ഗസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ തങ്ങൾക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.

അനസ്തേഷ്യയില്ലാതെ ഫലസ്തീനിലെ കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തുന്നതിനെ കുറിച്ചുള്ള വീഡിയോ തന്നെ വല്ലാതെ ഉലച്ചുവെന്ന് അദ്ദേഹം ബ്രിക്സ് നേതാക്കളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ ഇത് വളരെ പ്രധാനപ്പെട്ട, മാനുഷികപരമായ, മഹത്തരമായ മിഷനാണ്. നിലവിലെ സംഭവങ്ങളിൽ പ്രയാസപ്പെടുന്ന മനുഷ്യരെ നമ്മൾ സഹായിക്കേണ്ടതുണ്ട്,’ റഷ്യൻ ക്യാബിനറ്റുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുന്നതിനിടയിൽ പുടിൻ പറഞ്ഞു.

ഗസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നത് പരിശുദ്ധമായ ഉത്തരവാദിത്തമാണെന്നും പുടിൻ പറഞ്ഞു.

നിലവിലെ ഉടമ്പടി താത്കാലികമാണെന്നിരിക്കെ പ്രദേശത്ത് എക്കാലവും നിലനിൽക്കുന്ന സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ, ഇസ്രഈൽ എന്നീ ദ്വിരാഷ്ട്രങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന മുൻ യു.എൻ പ്രമേയങ്ങൾ പ്രകാരം മാത്രമേ ഇത് നടപ്പിലാകൂ എന്നും അദ്ദേഹം പറഞ്ഞു.

യു.എൻ ജനറൽ അസംബ്ലിയിൽ വോട്ട് ചെയ്ത രീതി പ്രകാരം ബ്രിക്‌സിലെ മറ്റ് അംഗങ്ങളും റഷ്യയുടെ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് എന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി നീണ്ടുനിൽക്കുന്ന സംഘർഷം പരിഹരിക്കാൻ ബ്രിക്സ് അംഗങ്ങൾക്ക് പ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlight: Putin names Russia’s ‘sacred duty’ in Gaza

We use cookies to give you the best possible experience. Learn more