| Tuesday, 2nd January 2024, 4:42 pm

റഷ്യക്കെതിരെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആയുധം മാത്രമാണ് ഉക്രൈന്‍: പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ : തങ്ങളെ നേരിടാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപകരണമാണ് ഉക്രൈന്‍ എന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോസ്‌കോയിലെ സൈനിക ആശുപത്രിയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈനുള്ള പാശ്ചാത്യ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പുടിന്റെ മറുപടി. ‘യഥാര്‍ത്ഥത്തില്‍ റഷ്യയുടെ ശത്രു ഉക്രൈനെക്കാള്‍ പാശ്ചാത്യസമൂഹമാണ്, അവര്‍ നമ്മുടെ ശത്രുവിനെ സഹായിക്കുന്നവര്‍ മാത്രമല്ല മറിച്ച് അവരും നമ്മുടെ ശത്രുതന്നെയാണെന്ന്’, പുടിന്‍ പറഞ്ഞു.

റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷവും റഷ്യയെ പരാജയപ്പെടുത്താനുള്ള പാശ്ചാത്യരാജ്യങ്ങളുടെ മറ്റൊരു ശ്രമംതന്നെയാണ്.

എന്നിരുന്നാലും അവര്‍ക്ക് ഇതുവരെ ശരിയായ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പുടിന്‍ പറഞ്ഞു. ഉക്രൈന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് എല്ലാ സഹായവും ലഭിച്ചിട്ടും യുദ്ധക്കളത്തിലെ സ്ഥിതി ഇപ്പോഴും മാറിയിട്ടില്ലെന്നും പുടിന്‍ പറഞ്ഞു.

റഷ്യക്ക് ഈ സംഘര്‍ഷം തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഒരു സമവായത്തിനും തങ്ങള്‍ തയ്യാറല്ലെന്നും പുടിന്‍ വ്യക്തമാക്കി.

റഷ്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 380,000 ഉക്രൈനിയന്‍ സൈനികര്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 14,000 ടാങ്കുകളും മറ്റും നശിപ്പിക്കപ്പെട്ടിടുണ്ട്.

ഇത് ഉക്രൈനിന് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യം ആരംഭിച്ച ഉക്രൈനിന്റെ പ്രത്യാക്രമണത്തില്‍ ഏകദേശം 160,000 സൈനികരെ റഷ്യക്ക് നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Putin names Russia’s real enemies

We use cookies to give you the best possible experience. Learn more