|

പുടിന്‍ ഉടന്‍ മരിച്ചേക്കും, അതോടെ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധവും അവസാനിക്കും: സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിയവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉടന്‍ മരിച്ചേക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. പുടിന്‍ മരിക്കുന്നതോടെ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. പാരീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുടിന്‍ മരിക്കും എന്നത് ഒരു വസ്തുതയാണെന്നും സെലന്‍സ്‌കി പറഞ്ഞു. അടുത്തിടെ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

പുടിന്‍ കാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്തയായിരുന്നു ഇതിലൊന്ന്. പുടിന് പാര്‍ക്കിന്‍സണ്‍ രോഗമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ പുടിനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്.

ഈ സാഹചര്യത്തിലാണ് സെലന്‍സ്‌കിയുടെ പ്രസ്താവന. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലന്‍സ്‌കി മാധ്യമങ്ങളെ കണ്ടത്.

അതേസമയം മാര്‍ച്ച് 25ന് റഷ്യയും ഉക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കില്ലെന്നാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഇക്കാര്യം വൈറ്റ് ഹൗസും സ്ഥിരീകരിച്ചിരുന്നു.

പരസ്പരം ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ലെന്ന് ഉക്രൈനും റഷ്യയും തീരുമാനിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയാണ് വിജയം കണ്ടത്.

കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനായി യു.എസിനെ ആശ്രയിക്കുമെന്ന് റഷ്യയും ഉക്രൈനും വ്യക്തമാക്കിയിരുന്നു.

റഷ്യ കരാര്‍ ലംഘിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ യു.എസിനോട് ആയുധങ്ങള്‍ ആവശ്യപ്പെടുമെന്ന് സെലന്‍സ്‌കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കരാറില്‍ യു.എസിന്റെ വ്യക്തവും ശക്തവുമായ ഉറപ്പ് ഉണ്ടാകണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും പ്രതികരിച്ചിരുന്നു. കരിങ്കടലില്‍ റഷ്യയുടെ ആക്രമണമുണ്ടായാല്‍, ഉക്രൈന് സ്വയം പ്രതിരോധത്തിനുള്ള പൂര്‍ണ അവകാശം ഉണ്ടായിരിക്കുമെന്ന് ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ട്രംപും സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണ്‍ കോളുകളിലൂടെ കരാര്‍ സംബന്ധിച്ച്ഒന്നിലധികം തവണ ചര്‍ച്ച നടത്തിയിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ കാര്‍ഷിക, വളം കയറ്റുമതിയില്‍ ലോക വിപണിയിലേക്കുള്ള റഷ്യയുടെ പ്രവേശനം പുനഃസ്ഥാപിക്കുന്നതിനും സമുദ്ര ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കുന്നതിനും അത്തരം ഇടപാടുകള്‍ക്കായി തുറമുഖങ്ങളിലേക്കും പേയ്‌മെന്റ് സംവിധാനങ്ങളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യത വര്‍ധിക്കുമെന്ന് യു.എസ് അറിയിച്ചിരുന്നു.

Content Highlight: Putin may die soon, which will end the war between Russia and Ukraine: Zelensky