മോസ്‌കോ: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
പ്രവാചകനെ അപമാനിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും ഇസ്‌ലാം മതവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമാണെന്ന് പുടിന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവാചകനിന്ദ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്ര പ്രതികാര നടപടികള്‍ക്കിടയാക്കുകയാണ് ചെയ്യുകയെന്ന് പ്രവാചകനിന്ദാ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ച പാരിസിലെ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടി പുടിന്‍ പറഞ്ഞു.
കലാപരമായ സ്വാതന്ത്ര്യത്തെ പ്രശംസിച്ച പുടിന്‍ അത്തരം സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും മറ്റു സ്വാതന്ത്ര്യങ്ങളെ ലംഘിച്ചാകരുത് അതെന്നും പറഞ്ഞു. റഷ്യ ഒരു ബഹുമത, ബഹുസ്വര രാഷ്ട്രമായി മാറിയിട്ടുണ്ടെന്നും അതിനാല്‍ പരസ്പരം മറ്റുള്ളവരുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നവരാണ് റഷ്യക്കാരെന്നും പുടിന്‍ പറഞ്ഞു.