റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു
World
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 7:17 pm

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി (47) ജയിലില്‍ വൈച്ച് മരണപ്പെട്ടു. ജയിലില്‍ നടക്കുന്നതിനിടെ കുഴഞ്ഞ് വീണാണ് നവാല്‍നി മരിച്ചത്. റഷ്യന്‍ പ്രസിന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിരന്തര വിമര്‍ശകനായിരുന്നു അദ്ദേഹം.

ജയിലിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടെ നവാൽനിയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നവാല്‍നിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മരണ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നവാല്‍നിയുടെ അഭിഭാഷകന്‍ സൈബീരിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവിടെ എത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അവർ അറിയിച്ചു. ജയിലില്‍ വെച്ച് കടുത്ത രോഗങ്ങളാല്‍ വലഞ്ഞ നവാല്‍നിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു.

ഭരണകൂടം ചുമത്തിയ ഭീകരവാദം ഉള്‍പ്പടെയുള്ള കുറ്റങ്ങളില്‍ 2021ലാണ് നവാല്‍നിയെ 19 വര്‍ഷത്തെ ഏകാന്ത തടവിന് ശിക്ഷിച്ചത്. ഇതിനിടെയാണ് ജയിലില്‍ വെച്ച് നവാല്‍നിയുടെ മരണം. എന്നാല്‍ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാല്‍നിയും അദ്ദേഹത്തിന്റെ അനുയായികളും അവകാശപ്പെട്ടിരുന്നത്.

അഭിഭാഷകനായിരുന്ന നവാല്‍നി 2008 മുതലാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ നിരന്തരം റഷ്യന്‍ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവായിരുന്നു അദ്ദേഹം. ഇതിലൂടെ റഷ്യന്‍ സര്‍ക്കാരിന്റെ നിരവധി അഴിമതികളും അദ്ദേഹം പുറത്ത് കൊണ്ടുവന്നു. നവാല്‍നിക്ക് അനുയായികളുടെ പിന്തുണ വര്‍ധിച്ചതും പുടിനെതിരായ പോരാട്ടങ്ങളിലൂടെയാണ്.

Contant Highlight: Putin critic Alexei Navalny, 47, dies in Arctic Circle jail