| Thursday, 22nd June 2017, 3:04 pm

വൈപ്പിന്‍കരക്കാരെ സമരം ചെയ്യാന്‍ ആരും പഠിപ്പിക്കേണ്ട; അവരത് മുമ്പേ തെളിയിച്ചതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്നും പുറമേ നിന്നുള്ളവരാണെന്നും പറഞ്ഞ് വൈപ്പിന്‍ നിവാസികളുടെ സമരവീര്യത്തെ സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വൈപ്പിന്‍കരയുടെ സമരചരിത്രം.

വൈപ്പിന്‍കരക്കാര്‍ ഇതിനുമുമ്പും തെരുവിലിറങ്ങി സമരം ചെയ്യുകയും സര്‍ക്കാരിനെ മുട്ടുകുത്തിക്കുകയും ചെയ്തിട്ടുണ്ട്.
1982ലെ ഒരു തിരുവോണ നാളില്‍ വൈപ്പിനില്‍ സകലവിധ സുരക്ഷാ അവകാശവുമായി (ഇന്ന് ഐ.ഒ.സിയുടെ കാര്യത്തില്‍ അവകാശപ്പെടുന്നതുപോലെ തന്നെ) സര്‍ക്കാര്‍ നടത്തിക്കൊണ്ടുപോയ ചാരായഷാപ്പുകളില്‍ നിന്നും വിഷമദ്യം കുടിച്ച് 78പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് കാഴ്ചനഷ്ടപ്പെടുകയും ചെയ്തപ്പോള്‍ വൈപ്പിന്‍ നിവാസികള്‍ ഉണര്‍ന്നു. അവര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് സര്‍ക്കാര്‍ അനുമതിയുണ്ടായിട്ടും ഇന്നും വൈപ്പിനില്‍ മദ്യശാലകള്‍ തുറക്കാന്‍ കഴിയാത്തത്.


Also Read: യുവമോര്‍ച്ച നേതാവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ റെയ്ഡ്: കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി


വൈപ്പിന്‍കരയുടെ സമര ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുടിവെള്ളത്തിനുവേണ്ടി അവര്‍ നടത്തിയ പോരാട്ടമാണ്. വെള്ളം കിട്ടാതെ വലഞ്ഞതോടെ 2005 മെയ് 3ന് വൈപ്പിന്‍കരക്കാര്‍ കച്ചേരിപ്പടി ജങ്ഷന്‍ തടഞ്ഞു. നാലു റോഡുകളിലും കയര്‍ കെട്ടി വാഹനം തടഞ്ഞു. അന്നും സമരക്കാര്‍ക്കൊപ്പം കുട്ടികളും വൃദ്ധന്മാരുമൊക്കെ തെരുവിലിറങ്ങിയിരുന്നു.

വൈപ്പിന്‍ കുടിവെള്ള സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. 5000ത്തോളം പേരാണ് അന്നത്തെ സമരത്തില്‍ പങ്കെടുത്തത്. സി.പി.ഐ-എം.എല്‍ റെഡ് ഫ്‌ളാഗിന്റെ സംസ്ഥാന സെക്രട്ടറി കെ. ശിവരാമാനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്..

“നഗര ഹൃദയമായ കച്ചേരിപ്പടി ജങ്ങ്ഷനിലെ നാല് റോഡുകളും , കമ്പക്കയര്‍ വെച്ചവര്‍ കെട്ടിപ്പൂട്ടി നഗരം സ്തംഭിച്ചു ! കൊട്ടും സൂട്ടും അണിഞ്ഞു , കൈകൊട്ടി പാടിയണഞ്ഞ കൊച്ചു കുട്ടികളുടെ സ്‌കൂള്‍ ബസ്സുകള്‍ മുതല്‍ , ബെന്‍സും കൊണ്ടസ്സയും കോപ്പും തുടങ്ങി ,എല്ലാ വാഹനങ്ങളും ചുട്ടു പൊള്ളുന്ന നഗരചൂടില്‍ അകത്തും പുറത്തും വെന്തുരുകി. നഗര പിതാക്കളും ,മാതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും പോലീസ് എമാമ്മാരും ആരോട് പറയും എന്നോര്‍ത്ത് കണ്ണീര്‍ വാഴ്ത്തി ” വൈപ്പിന്‍കരക്കാരുടെ കുടിവെള്ള സമരം എത്രത്തോളം ശക്തമായിരുന്നു എന്നു ചൂണ്ടിക്കാട്ടി ടി.എന്‍ സന്തോഷ് കുറിക്കുന്നു.


എന്നാല്‍ അന്ന് തെരുവിലിറങ്ങിയ വൈപ്പിന്‍ നിവാസികള്‍ ഇന്നത്തെ പോലെ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ആക്രമണം നേരിടേണ്ടി വന്നിരുന്നില്ല. കുടിവെള്ളം എന്ന അവരുടെ ആവശ്യത്തിന് എത്രയും പെട്ടെന്ന് തീര്‍പ്പുകല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്.

“അന്നത്തെ കളക്ടര്‍ മുഹമ്മദ് ഹനീഷിന്റെ മധ്യസ്ഥതയില്‍, ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍, കേരളാ വാട്ടര്‍ അതോറിറ്റിയുടെ ഹഡ്‌കോ കുടിവെള്ളപദ്ധതി, പണി തീരാതെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നത്, ജൂലൈ 12-നകം കമ്മീഷന്‍ ചെയ്യാം എന്ന ഒത്തുതീര്‍പ്പില്‍ ആണു സമരം അവസാനിച്ചത്.” അന്ന് ഈ സമരവുമായി ബന്ധപ്പെട്ട് ഹിന്ദുവില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത രേണു രാമനാഥ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആ ഉറപ്പുകൊണ്ട് അവര്‍ എല്ലാം അവസാനിപ്പിച്ച് പോകുകയല്ല അന്ന് ചെയ്തത്. “ജൂലൈ 12ന് മുമ്പ് പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ 13ാം തിയ്യതി ഏറണാകുളത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്പിലാവും വൈപ്പിന്‍ നിവാസികളുടെ സമരം എന്നു മുന്നറിയിപ്പു നല്‍കിയാണ് സമരസമിതി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ഉപരോധം പിന്‍വലിക്കുന്നതായി അറിയിച്ചത്.

പൊലീസ് മര്‍ദ്ദനത്തിനിടെ കുട്ടികളെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങളാണ് ഇന്നത്തെ സമരത്തില്‍ മാധ്യമശ്രദ്ധ നേടിയതെങ്കില്‍ അന്ന് “ഒരു കവിള്‍ വെള്ളത്തിനായി” എന്ന അടിക്കുറിപ്പോടെ അമ്മ ഒരു മകള്‍ക്ക് വെള്ളം കൊടുക്കുന്ന ചിത്രത്തിലൂടെയായിരുന്നു ദ ഹിന്ദു പത്രം ആ സമരത്തെ അടയാളപ്പെടുത്തിയത്.

ഇതുകൂടാതെ കൊതുക് ശല്യം രൂക്ഷമായപ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി ബന്ദ് നടത്തിയതും, സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത ഗോശ്രീപാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി നടത്തിയ സമരങ്ങളും വൈപ്പിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

We use cookies to give you the best possible experience. Learn more