| Friday, 27th October 2017, 6:05 pm

പുതുവൈപ്പിനിലെ ജനകീയ സമരത്തിന് കേരളജനതയുടെ പിന്തുണ ആവശ്യമുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തയ്യാറാക്കിയത് : രജീഷ് ഏറാമല


പുതുവൈപ്പിന് സമീപം ഐ.ഒ.സി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന 15450 ടണ്‍ ശേഷിയുള്ള എല്‍.പി.ജി സംഭരണ കേന്ദ്രത്തിനെതിരെ 2009 മുതല്‍ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. രാജ്യത്ത് നിലനിക്കുന്ന തീരദേശ സംരക്ഷണ (CRZ) സുരക്ഷ, പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ സംഭര കേന്ദ്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. കൊച്ചി അഴിമുഖത്ത് സ്ഥാപിക്കുന്ന ജെട്ടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെയാണ് ഇവിടെ എല്‍.പി.ജി എത്തിക്കുന്നത്

ഈ പ്രോജക്റ്റ് കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു ദിവസം അഞ്ഞൂറോളം ടാങ്കര്‍ ലോറികളില്‍ എല്‍.പി.ജി ഇവിടെ ഇന്ന് പകര്‍ത്തികൊണ്ടു പോവുന്നതാണ് ഈ പദ്ധതി. അങ്ങനെ ഇത് പകര്‍ത്താന്‍ ഹോസ് ബന്ധിപ്പിക്കുമ്പോളും വിടുവിക്കുമ്പോഴും അവര്‍ തന്നെ പറയുന്ന കണക്കു പ്രകാരം ഒരു ദിവസം 250 മിനുട്ട് ലീക്കുണ്ടാവും. അതായത് നാല് മണിക്കുറോളം .

മെര്‍ക്കാപ്റ്റിന്‍ എന്ന വിഷവസ്തുവാണ് ലീക്കുണ്ടാക്കുന്നതു തിരിച്ചറിയാന്‍ ചേര്‍ക്കുന്ന കെമിക്കല്‍. ഈ വിഷ വസ്തു കാന്‍സര്‍ ഒഴികെയുള്ള എല്ലാ രോഗങ്ങളും ഉണ്ടാക്കാന്‍ കാരണമാവും. അമ്പലമുകളില്‍ നമ്മള്‍ കണ്ടതാണ്. ചെറിയ തോതില്‍ എല്‍.പി.ജി ലീക്കായപ്പോള്‍ പരിസരത്തെ സ്‌കൂളിലെ കുട്ടികളും അധ്യാപകരടക്കം തലകറങ്ങി വീഴുകയും ഹോസ്പിറ്റലൈസ് ചെയ്യപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്.

പിന്നീട് ആ സ്‌കൂള്‍ അവിടെ നിന്ന് മാറ്റി സ്ഥാപിക്കുകയുണ്ടായി. പുതുവൈപ്പിനില്‍ വീടും പ്ലാന്‍ന്റും തമ്മിലുള്ള വ്യത്യാസം 30 മീറ്ററാണ് എല്‍.പി.ജി പ്ലാന്റിന്റെ പ്രവര്‍ത്തന സമയം പതിനാറു മണിക്കൂറാണ്. ഈ സമയങ്ങളില്‍ ഭൂരിഭാഗവും കിഴക്കോട്ടാണ് കാറ്റ്. വെളുപ്പാന്‍ കാലത്തു മാത്രമായാണ് പടിഞ്ഞാറു വശത്തേക്ക് കാറ്റടിക്കുന്നത്. ഇത് കാരണം മേര്‍ക്കപ്റ്റിന്‍ എന്ന വിഷ വസ്തു നിരന്തരം ഇവിടുത്തെ ജനങ്ങള്‍ ശ്വസിക്കേണ്ടി വരുന്നു.

ഈ സാഹചര്യം എന്റോസള്‍ഫാന്‍ ദുരന്തത്തെപോലെയായിത്തിരാന്‍ പത്തു വര്‍ഷമൊന്നു വേണ്ടിവരില്ല.

വാതക ചോര്‍ച്ച വഴി പൊട്ടിത്തെറിയുണ്ടായാല്‍ ഓടിരക്ഷപ്പെട്ടില്ല എങ്കില്‍ മരണം വരെ സംഭവിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പ്രട്രോനെറ്റ് വിതരണം ചെയ്ത “സുരക്ഷ എങ്ങിനെ” എന്ന ബുക്ക് ലെറ്റില്‍ പറയുന്നു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ വെച്ച് ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയിയില്‍ ഐ.ഒ.സിക്ക് ഒരുത്തരവാദിത്വവും ഇല്ലായെന്നും അടിവരയിടുന്നു

ഭൂരിഭാഗവും മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പ് പ്രദേശത്തു അപ്രഖ്യാപിത മത്സ്യ ബന്ധനനിരോധനം നില നിലനില്‍ക്കുകയാണ്. ആറു കിലോമീറ്റര്‍ തീരം മൂന്നു കിലോമീറ്റര്‍ തീരമായി ചുരുങ്ങിയിട്ടുണ്ട് ഇത് മത്സ്യ തൊഴിലാളികളുടെ അദ്ധ്വാനഭാരത്തെ കൂട്ടിയിട്ടുണ്ട്.

പണി സാമഗ്രികളുമായി തൊഴിലാളികള്‍ കൂടുതല്‍ ദൂരം നടന്നാണ് മത്സ്യ ബന്ധനത്തിനു പോവുന്നത് . ഇത് ദൈനംദിന ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, പോലീസ് തൊഴിലാളികളെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതില്‍ പല തടസങ്ങള്‍ ഉന്നയിച്ചു ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതുകൊണ്ടു കൂടിയാണ് പരിസര വാസികള്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നത്.

മറ്റൊരു കാര്യം, ഈ പ്രദേശത്തെ ആളുകളുടെ വിവാഹം, മാരക രോഗങ്ങള്‍ എന്നിവയിലേതെങ്കിലും കാര്യത്തിന് അവര്‍ക്കു അവരുടെ രണ്ടു സെന്റ് മുതല്‍ മൂന്നു സെന്റ് വരെയുള്ള വീടും പുരയിടവും വില്‍ക്കണോ പണയപ്പെടുത്താനോ ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. എന്നാല്‍ ഈ പ്രദേശത്തെ ഭൂമിയുടെ ക്രയ വിക്രയം ഐ.ഒ.സി പദ്ധതിയുടെ വരവോടെ മന്ദീഭവിച്ചു കഴിഞ്ഞു. ചുരുക്കത്തില്‍ ഭൂമി വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്

കേരളത്തിന്റെ ആവിശ്യത്തിനുള്ളതിനേക്കാള്‍ പത്തിരട്ടിയിലധികം ബി.പി.സി.എല്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. എല്‍.പി.ജിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാണെന്ന്. അവരുടെ സാമ്പത്തിക പേജില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഈ സാഹചര്യം നിലനില്‍ക്കെ ഏഷ്യയിലെ തന്നെ ജനസാന്ദ്രതയുള്ള വൈപ്പിനില്‍ അവിടെ തന്നെ കൂടുതല്‍ ജനസാദ്രതയുള്ള പുതു വൈപ്പിനിലാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് പകുതി ഭാഗം വെള്ളകെട്ടും കണ്ടല്‍ കാടും അടങ്ങിയ ഈ പ്രദേശത്തുനിന്ന് സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

വടക്കേയിന്ത്യയിലെ ആവശ്യത്തിനു തെക്കേയറ്റത്തെ പോര്‍ട്ടില്‍ സംഭരിച്ചു വിതരണം ചെയ്യുന്നത് എന്ത് വികസനമാണ് ? രാജ്യത്തെവിടെ മാറ്റി സ്ഥാപിക്കപ്പെട്ടാലും ജനവാസ കേന്ദ്രങ്ങളില്‍നിന്നു കൃത്യമായി അകലം പാലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

രണ്ടായിരത്തി ഒമ്പതു മെയ് പതിനെട്ടിന് ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കടല്‍ ഭിത്തി പൊളിച്ചു നീക്കി അന്ന് ഈ പ്രൊജക്റ്റിനു ഒരനുമതിയും ലഭിച്ചിരുന്നില്ല. പബ്ബിക് ഹിയറിങ് നടത്തിയില്ല എം.ഒ.ഇ.എഫ് ന്റെ അനുമതി ലഭിച്ചിരുന്നില്ല. കൂടാതെ ഇക്കാലയളവുവരെ പഞ്ചായത്തിന്റെ അനുമതി കിട്ടിയിരുന്നില്ല.

അന്ന് നിര്‍മ്മാണപ്രവര്‍ത്തി തടഞ്ഞ 23 പേരെ അറസ്റ്റു ചെയ്തിരുന്നു 2010 മാര്‍ച്ച് പത്തിഞ്ചിനു അനുമതിയില്ലാതെ നിര്‍മ്മാണം നടത്തുന്നതിനെതിരെ ഉപരോധ സമരം സംഘടിപ്പിക്കപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഡോക്ടര്‍ ലതയാണ് അത് ഉദ്ഘാടനം ചെയ്തത്.

പിന്നീട് ഈ പ്രൊജക്റ്റിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വേലിയേറ്റ രേഖയില്‍നിന്നു 200 മീറ്ററിനും 300 മീറ്ററിറിനും ഇടയില്‍ മാത്രമേ നിര്‍മ്മാണം പാടുള്ളു എന്നാണ് ഈ അനുമതിയില്‍ പറയുന്നത്. എന്നാല്‍ സീറോ ഡിസ്റ്റന്‍സ് മാത്രമേ പ്ലാന്റുമായി ഇതിനു നിലവിലുള്ളൂ.

മത്സ്യതൊഴിലാളി നടപ്പുവഴി നടഞ്ഞതില്‍ പ്രദേശവാസികള്‍ പരാതി കൊടുത്തു അതിന്റെ ഫലമായി 2011 ഇല്‍ മുന്‍സിഫ് കോടതി രണ്ടു വര്‍ഷം പണി നിര്‍ത്തിവെക്കപ്പെട്ടു. അതിനു ശേഷം 2014 ല്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു വീണ്ടും തടയുകയും പണിതുടര്‍ച്ചയായി നിര്‍ത്തിവെപ്പിക്കപ്പെടുകയും ചെയ്തു എന്നാല്‍ 2015ല്‍ വീണ്ടും പണി തുടര്‍ന്നു.

പണിതടഞ്ഞ പ്രദേശവാസികളായ 48 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു 2016 ല്‍ വൈപ്പിന്‍നിവാസികള്‍ അനധികൃതമായ നിര്‍മ്മാണത്തിനെതിരെ ജൂലായില്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലില്‍ കേസുകൊടുത്തു അത് വഴി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവായി എന്നാല്‍ ഈ ഉത്തരവ് മോഡിഫൈ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഐ.ഒ.സി ഹര്‍ജി സമര്‍പ്പിച്ചു

അതില്‍ പരിസ്ഥികാനുമതിയിലെ ഉപാധികളും അതില്‍ പറയുന്ന കാര്യങ്ങളും പാലിച്ചുകൊണ്ട് നിര്‍മ്മാണം നടത്താനായി ഇളവ് കിട്ടി എന്നാല്‍ ഇവയൊന്നും പാലിക്കാക്കാതെ ഐ.ഒ.സി നിര്‍മാണം തുടര്‍ന്നപ്പോള്‍ അത് ചൂണ്ടിക്കാട്ടി ഹരിത ട്രിബ്യുണലിനു വീണ്ടു പരാതി സമര്‍പ്പിക്കപ്പെട്ടു. അതോടൊപ്പം 2016 നുശേഷം വലിയ ജനകീയ പ്രക്ഷോഭം വൈപ്പിനില്‍ ആരംഭിക്കുന്നു.

തുടന്ന് പൊലീസിന്റെ ഒത്താശയോടുകൂടി നിര്‍മ്മാണപ്രവര്‍ത്തികള്‍ വൈപ്പിനില്‍ തുടരുകയുണ്ടായി. എന്നാല്‍ 2017 ഫെബ്രവരി 16 സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനങ്ങളൊന്നടക്കത്തെ സമരത്തിലേക്ക് വരുകയും ചെയ്തു. അന്ന് നടന്ന സമരത്തെ സമരത്തെ പൊലീസ് ശക്തമായി അടിച്ചമര്‍ത്തുകയും കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പേരെ ക്രൂരമായി മര്‍ദ്ധിക്കപ്പെട്ടു.

നിരവധിപേര്‍ ആശുപത്രിയിലായി. തുടര്‍ന്ന് സമരസമതി മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ് സെല്ലിലും പരാതികൊടുത്തു. മനുഷ്യാവകാശ കമ്മീഷന് കൊടുത്ത പരാധിയില്‍ മൂന്നു ഹിയറിങ് നടന്നു. സമരവുമായി ബന്ധപ്പെട്ടു കേസുകള്‍ എടുത്തെങ്കിലും അതുമായി ബദ്ധപ്പെട്ടു അറിയിപ്പൊന്നും ഇതു കിട്ടിയിട്ടില്ല

പോലീസിനെ നിഷ്ഠൂരതയെ അതിജീവിച്ചു പുതുവൈപ്പിനിലെ ജനതയുടെ സമരം ഇന്ന് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കാരണം ദേശിയ ഹരിതട്രിബ്യുണലില്‍ നില നില്‍ക്കുന്ന കേസിന്റെ അന്തിമ വിധിയും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും ഉടന്‍ തന്നെ വരാനിരിക്കുകയാണ്.

പാരിസ്ഥിക സംരക്ഷണത്തിന് സഹായകരമായ നിയമങ്ങളൊക്കെ തന്നെയും ഘട്ടം ഘട്ടമായി ഇല്ലാതാക്കപ്പെടുന്ന ജുഡീഷ്യറി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കു അടിപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്തു ജനങ്ങളുടെ വിശാലമായ ഐക്യവും പോരാട്ടവുമാണ് ആവശ്യപ്പെടുന്നത്.

ഈ ലക്ഷ്യത്തോടെ 2017 നവംബര്‍ ആറിന് പുതു വൈപ്പിനില്‍ നിന്ന് എറണാകുളം നഗരത്തിലേക്ക് ആയിരക്കണക്കിനായ ഗ്രാമവാസികള്‍ പങ്കെടുക്കുന്ന പദയാത്ര സംഘടിപ്പിക്കുവാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ് ഈ പ്രക്ഷോഭത്തില്‍ മുഴുവന്‍ ജങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
എന്ന്

KS മുരളി
കണ്‍വീനര്‍
പുതുവൈപ്പ്
എല്‍പിജി ടെര്‍മിനല്‍
വിരുദ്ധ ജനകീയ സമിതി
9447810528

Latest Stories

We use cookies to give you the best possible experience. Learn more