കൊച്ചി: പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്ത് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്ത സ്ത്രീകളടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. രണ്ടര വര്‍ഷമായി മുടങ്ങി കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതര്‍ പുനരാരംഭിച്ചത്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. പദ്ധതിക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം നടത്തുമെന്ന് സമര സമിതി അറിയിച്ചിരുന്നു. ജനവാസകേന്ദ്രത്തില്‍ പദ്ധതി അനുവദിക്കാനാവില്ലെന്നതാണ് സമരസമിതിയുടെ നിലപാട്.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ആറു മാസത്തിനകം തീരാനിരിക്കെയാണ് പൊലീസ് സുരക്ഷയില്‍ ടെര്‍മിനല്‍ നിര്‍മാണം വീണ്ടും ആരംഭിച്ചിരിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ