| Wednesday, 21st June 2017, 1:43 pm

പുതുവൈപ്പില്‍ പ്ലാന്റ് നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെക്കും; തീരുമാനം സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനം. പുതുവൈപ്പിനില്‍ ഐഒസിയുടെ പാചക വാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച യോഗത്തിലാണ് തീരുമാനം.

എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെപരാതി സംസ്ഥാന സര്‍ക്കാര്‍ മുഖവിലക്കെടുക്കുകയാണെന്നും ജനങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി.


Dont Miss കളക്ട്രേറ്റിലെ യോഗത്തില്‍ പങ്കെടുത്തില്ല; തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍ 


ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാനുമാതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
സുരക്ഷാ ആശങ്ക പഠിക്കാന്‍ സമിതിയെ നിയോഗിക്കും. അതുവരെ പ്ലാന്റ് നിര്‍മാണം തത്ക്കാലം നിര്‍ത്തിവെക്കാന്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാതാക്കളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍, വരാപ്പുഴ മെത്രൊപ്പോലീത്തയുടെ രണ്ട് പ്രതിനിധികള്‍, സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഐഒസി പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

സമരസമിതി പ്രതിനിധികളായി ചെയര്‍മാന്‍ കെ.ബി ജയഘോഷ്,കണ്‍വീനര്‍ കെ.എസ് മുരളി, മാഗ്ളിന്‍ ഫിലോമിന എന്നിവരാണ് പങ്കെടുക്കുന്നത്.

അതേസമയം പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ചെറിയ സംഘം നടത്തുന്ന സമരം കാരണം പ്രതിദിനം ഒരു കോടി രൂപ നഷ്ടമുണ്ടാവുന്നതായിട്ടാണ് ഐഒസിയുടെ പത്രക്കുറിപ്പ്.

ദേശീയ ഹരിത ട്രിബ്യുണലും ഹൈക്കോടതിയും അനുമതി നല്‍കിയിട്ടും ഫെബ്രുവരി 16 മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. ആവശ്യമായ എല്ലാ അനുമതികളും നേടിക്കൊണ്ട് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടത്തുന്നതെന്നും ഐ.ഒ.സി പറയുന്നു.

We use cookies to give you the best possible experience. Learn more