അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദിവാസി ഫണ്ട് അട്ടിമറിക്കുന്നതായി പരാതി. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്ത മരക്കട്ടിലിലും തെരുവ് വിളക്കിലും വലിയ ക്രമക്കേടാണ് പുതൂര്‍ പഞ്ചായത്തില്‍ നടക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ മുരുകന്‍ മമ്മട്ടിയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“”ആദിവാസികളെ വീണ്ടും വീണ്ടും പറ്റിക്കുന്നതിനു ഒരു ഉദാഹരണം മാത്രമാണ് ഇത്. 2 പേര്‍ കയറിയിരുന്നാല്‍ പൊട്ടിപ്പോകുന്ന മരക്കട്ടിലാണ് ആദിവാസികള്‍ക്ക് വിതരണത്തിനെത്തിച്ചത്. തെരുവ് വിളക്ക് സ്ഥാപിച്ചതിലും വലിയ ക്രമക്കേടാണ് നടന്നിട്ടുള്ളത്.”
കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ച സോളാര്‍ തെരുവ് വിളക്കുകള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ പ്രവര്‍ത്തനരഹിതമാകും. കേടായവ ശരിയാക്കുന്നതിന് പകരം പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നും മുരുകന്‍ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റായ ജ്യോതി അനില്‍ കുമാറും ഭര്‍ത്താവ് അനില്‍ കുമാറുമാണ് ക്രമക്കേടുകള്‍ക്ക് പിന്നിലെന്നാണ് ആരോപണം.
“കുടിവെള്ളവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പൂതൂര്‍ പഞ്ചായത്തിലെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ആദിവാസികളുടെ ഫണ്ട് വകമാറ്റാനും ക്രമക്കേട് നടത്താനും എല്ലാ കക്ഷികളും ഇവിടെ ഒരുമിച്ചാണ്. അതിന് സി.പി.ഐ.എമ്മോ സി.പി.ഐയോ കോണ്‍ഗ്രസോ എന്ന വ്യത്യാസമില്ല.” ഫാദര്‍ ജയിംസ് മൊറായി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സമാന അഭിപ്രായമാണ് മുരുകനും ഡൂള്‍ന്യൂസിനോട് പങ്കുവെച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൂടിയായ മുരുകന്‍ വിഷയം ഉന്നയിച്ച് നിരവധി തവണ പാര്‍ട്ടി വേദികളിലെത്തിയിരുന്നെങ്കിലും അനുഭാവപൂര്‍ണ്ണമായ മറുപടി ലഭിച്ചില്ല. എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.ഐയാണ് ഇവിടെ പ്രസിഡന്റ് സ്ഥാനത്ത്.
ALSO READ: ദളിതര്‍ക്ക് അയിത്തം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ജോലികള്‍
കഴിഞ്ഞ കാലയളവിലും ജ്യോതി പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ വനിതാ സംവരണം ആയപ്പോഴാണ് പ്രസിഡന്റ് സ്ഥാനം ജ്യോതിയ്ക്ക് ലഭിച്ചത്.
“ഡി.വൈ.എഫ്.ഐ സമരം നടത്തണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഏരിയ കമ്മിറ്റി ഓഫീസില്‍ പോയിരുന്നു. എന്നാല്‍ അനുഭാവപൂര്‍ണ്ണമായ മറുപടി ലഭിച്ചില്ല. മറ്റുള്ള കക്ഷികളും അവരുടെ കൂടെയാണ്. വിഷയത്തില്‍ എല്ലാവരും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല.”-മുരുകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രതിഷേധവുമായി മുന്നോട്ടുവരുമ്പോള്‍ കൂടെയുള്ള ആദിവാസികളെ താല്‍ക്കാലികമായി സ്വാധീനിച്ച് പിന്മാറ്റാനുള്ള ശ്രമവും നടക്കാറുണ്ടെന്ന് ഫാദര്‍ ജയിംസ് പറയുന്നു.
ALSO READ: തല ചായ്ക്കാന്‍ ഇടമില്ലാത്തതു കൊണ്ട് ആനക്കാട്ടില്‍ ജീവിക്കുന്ന വയനാട്ടിലെ ആദിവാസികള്‍
ലൈഫ് പദ്ധതി പ്രകാരമുള്ള ഒരു വീട് പോലും ഞങ്ങളുടെ വാര്‍ഡില്‍ ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞ ഓണത്തിന് പരാതി കൊടുത്തിരുന്നുവെന്ന് മുരുകന്‍ പറയുന്നു. അതിന്റെ ഫലമായി ഇവിടെ വിജിലന്‍സുകാര്‍ വന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരുടെയൊക്കയോ സ്വാധീനത്തിന് വഴങ്ങി വിജിലന്‍സുകാരും വരാതായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ വാര്‍ഡില്‍ നിന്നും ജയിച്ചു വരുന്ന ജനപ്രതിനിധികള്‍ നോക്കുകുത്തികളായി നില്‍ക്കേണ്ടി വരികയാണെന്നും മുരുകന്‍ പറയുന്നു. ഭരണസമിതിയെ പോലും നിശബ്ദമാക്കി പ്രസിഡന്റിന്റെ ഭര്‍ത്താവാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഭരണ സമിതി അറിയാതെയാണ് പല ഭേദഗതികളും നടപ്പിലാക്കുന്നതെന്ന ആരോപണവുമുണ്ട്.
ALSO READ: ആദിവാസികള്‍ക്ക് ഉപകാരപ്പെടാത്ത കോടികളുടെ ഭവന പദ്ധതികള്‍; കരാറുകാര്‍ നടത്തുന്നത് വന്‍ അഴിമതി
ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കേണ്ട ഫണ്ട് സ്വന്തം ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയാണ്. 70 ശതമാനം ആദിവാസികള്‍ ജീവിക്കുന്ന പുതൂര്‍ പഞ്ചായത്തില്‍ വികസനമുരടിപ്പാണെന്നും മുരുകന്‍ പറയുന്നു.
ഫണ്ട് വകമാറ്റിയതിന്റെ രേഖകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതൂര്‍ പഞ്ചായത്തിലെ ക്രമക്കേടുകളുടെ സംഭവം പുതിയ സംഭവമല്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിന് മൗനാനുവാദം കൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്.
WATCH THIS VIDEO: