| Sunday, 3rd September 2023, 2:40 pm

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാന ലാപ്പിലേക്ക്; കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. മത്സരിക്കുന്ന മൂന്ന് മുന്നണികളും പാമ്പാടി കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടത്തും. റോഡ് ഷോകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന അവസാന മണിക്കൂറുകളിലെ പരസ്യപ്രചരണം ഇന്ന് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. ചൊവ്വാഴ്ച്ചയാണ് തെരഞ്ഞെടുപ്പ്. നാളെ സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ നിശബ്ദ പ്രചരണം നടത്തും.

എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന് വേണ്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. വാസവൻ തുടങ്ങിയവർ ഇന്ന് മണ്ഡലത്തിൽ പ്രചരണത്തിനുണ്ട്. യു.ഡി.എഫിന്റെ ചാണ്ടി ഉമ്മന് വേണ്ടി താരപ്രചാരകനായി ശശി തരൂർ റോഡ് ഷോ നടത്തി. പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും മണ്ഡലത്തിൽ സജീവമാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ എൻ.ഡി.എ സ്ഥാനാർഥിയായ ലിജിൻ ലാലിന് വേണ്ടി അവസാന ലാപ്പിൽ മണ്ഡലത്തിലുണ്ട്.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആയിരിക്കും ചാണ്ടി ഉമ്മൻ ജയിക്കുക എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് തവണ ജെയ്ക്കിന് വേണ്ടി പ്രചാരണത്തിനായി പുതുപ്പള്ളിയിൽ എത്തിയിരുന്നു. ചാണ്ടി ഉമ്മന് വേണ്ടി മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി പ്രചാരണത്തിനെത്തിയപ്പോൾ അദ്ദേഹത്തിന്റെ മകൻ അനിൽ ആന്റണി എൻ.ഡി.എ സ്ഥാനാർഥിക്ക് വേണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് വോട്ട് ചോദിച്ചു.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ജനസമ്മതി മുൻനിർത്തിയുള്ള വൈകാരിക പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നത്. ഇതിനെ മറികടക്കാൻ പുതുപ്പള്ളിയിൽ വികസനമില്ലെന്ന വാദവുമായാണ് എൽ.ഡി.എഫ് പ്രചരണം.

പുതുപ്പള്ളിയിലെ വികസന സംബന്ധമായ പ്രശ്നങ്ങളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളം ചർച്ച ചെയ്തുകൊണ്ടിരുന്നത്. അതേസമയം, പുതുപ്പള്ളിയിലെ വികസനത്തെ കുറിച്ച് സംസാരിക്കാൻ എൽ.ഡി.എഫ് സർക്കാരിന് അവകാശമില്ലെന്ന് കോൺഗ്രസ് പക്ഷം പറയുന്നു. വികസനത്തോടൊപ്പം സൈബർ അക്രമണവും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയും ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെയും സൈബർ ആക്രമണങ്ങളുണ്ടായി.

1,76,412 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 2021-ൽ ജെയ്ക് സി. തോമസിനെതിരെ 63,372 വോട്ടുകൾ നേടിയാണ് ഉമ്മൻചാണ്ടി വിജയിച്ചത്. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ജെയ്ക്ക് സി. തോമസ് മൂന്നാം തവണയാണ് പുതുപ്പള്ളിയിൽ ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും ഹരിത ചട്ടം പാലിച്ചുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Content Highlight: puthuppally by-election public campaign last day kottikalasam

We use cookies to give you the best possible experience. Learn more