കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്ത ജനങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാന്‍ ഡി.സി.പി യതീഷ് ചന്ദ്രയ്ക്ക് നിര്‍ദേശം. ജൂലൈ 17ന് മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
കുട്ടികളടക്കമുള്ള പുതുവൈപ്പ് സമരക്കാരെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത യതീഷ് ചന്ദ്രയുടെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കുട്ടികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
ഈ കേസില്‍ യതീഷ് ചന്ദ്രയെ ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചുവരുത്തുകയും പുതുവൈപ്പ് പൊലീസ് നടപടി സംബന്ധിച്ച വിശദീകരണം യതീഷ് ചന്ദ്രയോട് തേടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വിശദീകരണം നല്‍കാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു.