Kerala News
പുതുപ്പള്ളിയില്‍ പകച്ചുപോകില്ല; ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ കഥ പറയട്ടേ: ജെയ്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പകച്ച് നില്‍ക്കുന്നില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ്. 2016ന് ശേഷം വിവിധ തെരഞ്ഞെടുപ്പിലെ വോട്ടിന്റ കണക്കുകള്‍ കഥ പറയുമെന്നും ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജെയ്ക്.
‘2023ല്‍ പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നിയോഗിച്ചിരിക്കുന്നു. സാധാരണ തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത വിഭാങ്ങളില്‍പ്പെട്ട രാഷ്ട്രീയധാരകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണികള്‍ ആലങ്കാരികമായി പല അവകാശവാദങ്ങളും നടത്താറുണ്ട്. പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അത്തരത്തിലൊരു അവകാശവാദത്തിന്റെ പ്രസക്തി ഉദിക്കുന്നില്ല.
2016ല്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുമ്പോളുണ്ടായ ഭൂരിപക്ഷം ഏതാണ്ട് 33000 മുകളിലായിരുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സേഫ് സോണ്‍ എന്ന് കോണ്‍ഗ്രസ് തന്നെ വിശേഷിപ്പിച്ച മണ്ഡലമാണ് പുതുപ്പള്ളി നിയോജക മണ്ഡലം.
പക്ഷേ അത്ര വലിയ ഭൂപരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷം അവിടെ പകച്ചു നില്‍ക്കുന്നില്ല. പതറിപ്പോകുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമല്ല, മറിച്ച് എല്ലാ കാലയളവിലും ഉയര്‍ത്തിപ്പിടിക്കേണ്ട ജനങ്ങള്‍ക്കിടയിലെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷം പുതുപ്പള്ളിയില്‍ മുന്നോട്ടേക്ക് പോയി. അതിന്റെ പ്രത്യേകത കൊണ്ട് 2020ല്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ചരിത്രത്തിലാദ്യമായി എട്ടില്‍ ആറ് പഞ്ചായത്തും സി.പി.ഐ.എം നിയന്ത്രിക്കുകയാണ്.
2021ലെ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ 182 ബൂത്തില്‍ 60 ബൂത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ലീഡ് ചെയ്യുന്നു. അതായത് മൂന്നിലൊന്ന് ഇടതുപക്ഷം ലീഡ് ചെയ്തു. എല്‍.ഡി.എഫ് അഭിമാനത്തോടെ പുതുപ്പള്ളിയിലെ ജനങ്ങളോടും മാധ്യമസ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നത് കണക്കുകള്‍ കഥ പറയട്ടേയെന്നുള്ളതാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പ് നേരിടുന്നത്. ഇതിന്റെ തുടര്‍ച്ച തെരഞ്ഞെടുപ്പിലുണ്ടാകും,’ ജെയ്ക് പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്കിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഔദ്യാഗികമായി പ്രഖ്യാപിച്ചത്. പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫലപ്രദമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ജാര്‍ഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
CONTENT HIGHLIGHTS: Puthupalli will not get angry; Let the Majority Tell the Story: Jake C. Thomas