| Thursday, 15th August 2019, 11:02 pm

പുത്തുമലയില്‍നിന്ന് ഇന്നും പ്രതീക്ഷയില്ല; ആരെയും കണ്ടെത്താനായില്ല; ശ്രമം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേര്‍ക്കു വേണ്ടിയുള്ള വ്യാഴാഴ്ചത്തെ തിരച്ചിലും ഫലം കാണാതെ അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് മനുഷ്യസാധ്യമായ എല്ലാ രീതിയിലുമുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നു സ്ഥലം സന്ദര്‍ശിച്ചശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബന്ധുക്കള്‍ പറയുന്നതുവരെ ശ്രമം അവസാനിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആളുകളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ ഇന്ന് പുത്തുമലയില്‍ തെരച്ചിലിനായി മൂന്ന് സ്‌നിഫര്‍ ഡോഗുകളെ കൊണ്ടുവന്നിരുന്നു. രാവിലെ മുതല്‍ ഇവയെ ഉപയോഗപ്പെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. നായ്ക്കളുടെ കാലുകളും ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വിവിധ തെരച്ചില്‍ യൂണിറ്റുകളില്‍ നിന്നായി മുന്നൂറോളം പേരാണ് ഇന്ന് ഉദ്യമത്തില്‍ പങ്കാളികളായത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ പലയിടത്തും പത്തു മീറ്ററോളം ആഴത്തില്‍ മണ്ണടിഞ്ഞു കിടക്കുകയാണ്.

അടിഞ്ഞുകൂടിയ ചെളിയും മണ്ണും പമ്പു ചെയ്തുകളയാനുള്ള സംവിധാനം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ വീണ്ടും തെരച്ചില്‍ ആരംഭിക്കും.

We use cookies to give you the best possible experience. Learn more