വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. പുത്തുമലയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി സൂചിപ്പാറയിലാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസവും ഈ മേഖലയില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 12 മൃതദേഹങ്ങളാണ് ഇതുവരെ പുത്തുമലയില്‍ കണ്ടെടുത്തത്.
പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ ഇങ്ങോട്ട് മാറ്റിയത്. പുത്തുമലയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയ തെരച്ചില്‍ വിജയിച്ചിരുന്നില്ല.
ആഗസ്റ്റ് എട്ടിന് വൈകിട്ടോടെയാണ് പുത്തുമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകിപ്പോവുകയായിരുന്നു.
മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍, എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുള്‍പൊട്ടലില്‍പ്പെട്ടിരുന്നു