കല്‍പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ലെന്നാണ് വിവരം.
വിദഗ്ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ആരുടെതാണ് എന്ന് തിരിച്ചറിയാന്‍ കഴിയിഞ്ഞിട്ടില്ല. ആറ് ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്.
എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആറ് പേരെയാണ് ഇനി പുത്തുമലയില്‍ നിന്ന് കണ്ടെത്താനുള്ളത്.
പുത്തുമലയില്‍ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്.
അതേസമയം, മലപ്പുറം കവളപ്പാറയില്‍നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ചാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍.